Foot Ball qatar worldcup Top News

വിജയവഴിയിൽ തിരിച്ചെത്താൻ അർജൻ്റീന; വിലങ്ങുതടിയായി മെക്സിക്കോ.!

November 26, 2022

author:

വിജയവഴിയിൽ തിരിച്ചെത്താൻ അർജൻ്റീന; വിലങ്ങുതടിയായി മെക്സിക്കോ.!

ഈ ലോകകപ്പിലെ കിരീടം നേടുവാൻ ഏറ്റവും സാധ്യത കൽപ്പിച്ച ടീമുകളിൽ ഒന്നാണ് അർജൻ്റീന. ആദ്യ മത്സരത്തിന് ശേഷം അങ്ങനൊരു അഭിപ്രായം ഉണ്ടായിരുന്നവർ എല്ലാംതന്നെ നെറ്റി ചുളിച്ചിട്ടുണ്ടാവാം. കാരണം മറ്റൊന്നുമല്ല സൗദിയോടേറ്റ പരാജയം തന്നെ. അതിൻ്റെ ആഘാതം ഇപ്പോഴും അർജൻ്റൈൻ ക്യാമ്പിൽ നിന്നും വിട്ടുമാറിയിട്ടുണ്ടാവില്ല. അതിനുമുമ്പ് തന്നെ അവർ രണ്ടാം മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ആരംഭിക്കുന്ന മത്സരത്തിൽ മെക്സിക്കോയാണ് ആൽബിസെലസ്റ്റിയൻസിൻ്റെ എതിരാളികൾ. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. പോളണ്ടിനെതിരെ സമനില വഴങ്ങിക്കൊണ്ടാണ് മെക്സിക്കോ ഇന്നത്തെ മത്സരത്തിനായി എത്തുന്നത്. കഴിഞ്ഞ ലോകകപ്പിൽ ജർമനിയെ അട്ടിമറിച്ച ചരിത്രം ഉള്ളവരാണ് മെക്സിക്കോ. അന്ന് ഗോൾ നേടിയ ലൊസാനോ ഉൾപ്പെടെയുള്ളവർ ഇത്തവണയും ടീമിലുണ്ട്. വേഗത്തിലുള്ള മിന്നലാക്രമണങ്ങളാണ് മെക്സിക്കോയുടെ കരുത്ത്. ആദ്യ മത്സരത്തിലെ തോൽവിയോടെ നിരാശരായ ആരാധകർക്ക് അവരുടെ വിശ്വാസം തിരികെ ഏൽപ്പിക്കാൻ ആകും മെസ്സിയും സംഘവും ശ്രമിക്കുക.

പ്രീക്വാർട്ടർ പ്രവേശനം സാധ്യമാകാൻ വിജയത്തിൽ കുറഞ്ഞതൊന്നും പോരാതെ വരും. അതുകൊണ്ടുതന്നെ സർവതും മറന്നുകൊണ്ടുള്ള പോരാട്ടമായിരിക്കും അർജൻ്റീന നാളെ പുറത്തെടുക്കുക. മെസ്സിയുടെ അവസാന ലോകകപ്പ് കൂടിയാകാം ഇതെന്നിരിക്കെ ഈയൊരു മത്സരത്തിനായി എന്തും ത്യജിക്കാൻ അർജൻ്റൈൻ താരങ്ങൾ തയ്യാർ ആകുമെന്ന് ഉറപ്പാണ്. എന്തുതന്നെയായാലും ലോകം കാത്തിരിക്കുന്ന മിശിഹായുടെയും സംഘത്തിൻ്റെയും തിരിച്ചുവരവ് സാധ്യമാകുമോ… അതോ മെക്സിക്കൻ മിന്നൽലാക്രമണത്തിന് മുന്നിൽ അർജൻ്റീന മുട്ടുമടക്കുമോ എന്നുള്ളത് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment