Foot Ball qatar worldcup Top News

ഇക്വഡോറിനോട് സമനില വഴങ്ങി നെതർലൻഡ്സ്.!

November 25, 2022

author:

ഇക്വഡോറിനോട് സമനില വഴങ്ങി നെതർലൻഡ്സ്.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ ഇക്വഡോറിനെതിരെ നെതർലൻഡ്സിന് സമനില. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയം ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി പിരിയുകയായിരുന്നു. മത്സരത്തിൻ്റെ തുടക്കം തന്നെ ഓറഞ്ച്പട മുന്നിലെത്തിയതാണ്. ക്ലാസൻ്റെ അസിസ്റ്റിൽ നിന്നും ഒരു കിടിലൻ ഷോട്ടിലൂടെ കോഡി ഗാക്പോയാണ് ലക്ഷ്യം കണ്ടത്. അതോടെ ഇക്വഡോർ ആക്രമണം ഏറ്റെടുത്തു. പിന്നീട് ഗോൾ മടക്കുവാൻ ആയുള്ള നിരന്തര ശ്രമങ്ങളാണ് കണ്ടത്. എന്നാൽ ആദ്യ പകുതി 1-0 എന്ന നിലയിൽ തന്നെ അവസാനിച്ചു. രണ്ടാം പകുതി ആരംഭിച്ച് 49ആം മിനിറ്റിൽ തന്നെ ഇക്വഡോർ ഗോൾ മടക്കി. അവരുടെ മിന്നുംതാരം എന്നർ വലൻസിയയാണ് ഇന്നും സ്കോർ ചെയ്തത്. എസ്തൂപിനാൻ എടുത്ത ഷോട്ട് നെതർലൻഡ്സ് കീപ്പർ തടുത്തിട്ടെങ്കിലും റീബൗണ്ട് ആയി വന്ന പന്ത് വലൻസിയ ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു.

സ്കോർ 1-1. പിന്നീടുള്ള സമയവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഇക്വഡോർ തന്നെയായിരുന്നു. നിർഭാഗ്യം കൊണ്ടുമാത്രമാണ് അവർക്ക് കൂടുതൽ ഗോളുകൾ നേടുവാൻ കഴിയാതെ പോയത്. ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും അവർക്ക് തിരിച്ചടിയായി. മറുവശത്ത് നെതർലൻഡ്സ് ആകെ ഉതിർത്തത് 2 ഷോട്ടുകൾ മാത്രമാണ്. ഭാഗ്യം കൊണ്ടുമാത്രം സമനില ആയെന്ന് പറയാം..അല്ലാത്തപക്ഷം അവർക്ക് ഇന്നൊരു തോൽവി വഴങ്ങേണ്ടി വന്നേനെ. എന്തായാലും ഈയൊരു സമനിലയോടെ ഇരുടീമുകളും 4 പോയിൻ്റ് വീതമായി 1ഉം 2ഉം സ്ഥാനങ്ങളിലാണ്. വരും മത്സരമായിരിക്കും പ്രീക്വാർട്ടർ നിർണയിക്കുക.

Leave a comment