ഖത്തറിന് വീണ്ടും തോൽവി; പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി സെനഗൽ.!
ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് മിന്നും വിജയം. ദോഹയിലെ
അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഖത്തറിനെ സെനഗൽ തകർത്തുവിട്ടത്. ആദ്യ പകുതിയുടെ 41ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യഗോൾ പിറക്കുന്നത്. ബോക്സിനുള്ളിലേക്ക് സെനഗൽ താരം ഡയാറ്റ നൽകിയ ക്രോസ് ഖത്തർ പ്രതിരോധതാരം ഹൗക്കി ക്ലിയർ ചെയ്യാൻ ശ്രമിച്ചു. എന്നാൽ പന്ത് എത്തിയത് ബൗലായെ ഡയയുടെ കാലുകളിലേക്ക് ആയിരുന്നു. ഒരു മികച്ച ഫിനിഷിലൂടെ ഡയ പന്ത് വലയിലാക്കി.

അതിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് 3 മിനിറ്റ് പിന്നിട്ടപ്പോഴേക്കും സെനഗൽ രണ്ടാം ഗോളും സ്വന്തമാക്കി. ജേക്കബ്സ് നൽകിയ പാസിൽ നിന്നും ഡൈദിയൗ ആയിരുന്നു ഇത്തവണ ലക്ഷ്യം കണ്ടത്. അതോടെ മത്സരം സെനഗലിൻ്റെ വരുതിയിലായി. മത്സരത്തിലെയും ലോകകപ്പിലെയും തങ്ങളുടെ ആദ്യ ഗോൾ സ്വന്തമാക്കുവാൻ ഉള്ള അവസരങ്ങൾ ഖത്തറിന് ലഭിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ അതൊന്നും ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ ആ ദുഃഖത്തിന് പരിഹാരമായി. ഖത്തർ ആരാധകരുടെ പ്രാർത്ഥന ദൈവം കേട്ടുവെന്ന് വേണം പറയാൻ. 78ആം മിനിറ്റിൽ ഇസ്മയിൽ മുഹമ്മദ് നൽകിയ ക്രോസിൽ നിന്നും സബ് ആയി കളത്തിലിറങ്ങിയ മുണ്ടാരി ഒരു ഹെഡ്ഡറിലൂടെ ആതിഥേയർക്കായി ഒരു ഗോൾ മടക്കി.

മത്സരത്തിലേക്ക് ഖത്തർ തിരിച്ചു വന്നെന്ന് തോന്നിയ നിമിഷം. എന്നാൽ അതൊരു താത്കാലിക ആശ്വാസം മാത്രമായിരുന്നു. 84ആം മിനിറ്റിൽ എണ്ടയായെയുടെ പാസിൽ നിന്നും ഒരു ഫസ്റ്റ്ടൈം ഷോട്ടിലൂടെ ബമ്പ ഡയങ്ങ് സെനഗലിൻ്റെ ലീഡ് വീണ്ടും വർധിപ്പിച്ചു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഖത്തറിനു കഴിഞ്ഞില്ല. അങ്ങനെയൊടുവിൽ 3-1 എന്ന സ്കോറിന് മത്സരം സെനഗൽ സ്വന്തമാക്കുകയായിരുന്നു. മികച്ച ഒരുപിടി അവസരങ്ങൾ ഖത്തർ മത്സരത്തിൽ സൃഷ്ടിച്ചെടുത്തെങ്കിലും അവയൊന്നും സെനഗൽ ഗോൾകീപ്പർ മെൻ്റിയെ മറികടന്നില്ല. മികച്ച പ്രകടനമായിരുന്നു താരം മത്സരത്തിൽ പുറത്തെടുത്തത്. കൂടുതൽ ഗോൾ നേടുവാനുള്ള അവസരങ്ങൾ സെനഗലിനും ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക്കും സാധിച്ചില്ല. തുടർച്ചയായ രണ്ടാം തോൽവിയോടെ ഖത്തറിൻ്റെ പ്രീക്വാർട്ടർ പ്രവേശനം തുലാസിലായി. ഗ്രൂപ്പ് എ ടേബിളിൽ അവസാന സ്ഥാനത്താണ് അവരുള്ളത്. മറുവശത്ത് ഇന്നത്തെ വിജയത്തോടെ വിലപ്പെട്ട 3 പോയിൻ്റ് സ്വന്തമാക്കിക്കൊണ്ട് പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കാൻ സെനഗലിന് കഴിഞ്ഞു.