പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ സ്വിറ്റ്സർലന്‍ഡിനെതിരെ കളിച്ചേക്കില്ല
ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ അടുത്ത മത്സരം നഷ്ടമാകും. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പർ താരം പുറത്തിരിക്കേണ്ടിവരുമെന്നും ചില സ്പോര്‍ട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. സെര്‍ബിയയ്ക്കെതിരായ വിജയത്തിനിടയിലും സൂപ്പർ താരം നെയ്മാര്‍ പരുക്കേറ്റു കളം വിട്ടത് ബ്രസീലിന് ആശങ്ക ഉയർത്തുകയാണ്. 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമേ പരുക്ക് ഗുരുതരമാണോയെന്ന് പറയാനാകുവെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യൂറോപ്യന്‍ ഫിസിക്കല്‍ ഗെയിമിന് പേരുകേട്ട സെര്‍ബിയക്കെതിരായ ബ്രസീലിന്‍റെ മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റ് ബാക്കിയിരിക്കെ പരിക്കേറ്റ കാലുമായി മുടന്തി നെയ്മര്‍ വേദനയോടെ മൈതാനം വിടുകയായിരുന്നു. നെയ്മറുടെ കാല്‍ക്കുഴയില്‍ നീര് വന്നിരിക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നതോടെ ആരാധകർ ആശങ്കയിലായിട്ടുമുണ്ട്.