ഗോൾമഴ തുടരാൻ ഇംഗ്ലണ്ട്; എതിരാളികൾ യു.എസ്.എ.!
ലോകത്തിലെ വൻ ശക്തികളാണ് യു.എസ്.എയും, ഇംഗ്ലണ്ടും. എന്നാൽ ഫുട്ബാളിൽ ഇംഗ്ലണ്ടിനേക്കാൾ ഏറെതാഴെയാണ് യു.എസ്. ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇരുടീമുകളും തമ്മിൽ മാറ്റുരയ്ക്കാൻ ഒരുങ്ങുകയാണ്. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് ഈയൊരു മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ ഇറാനെ ഗോൾമഴയിൽ ആറാടിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് വരുന്നത്. യുവതാരങ്ങളുടെ കരുത്തുറ്റ നിരയാണ് അവരുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാകും സൗത്ത്ഗേറ്റ് ഇന്നും കളത്തിലിറക്കുക. ഒരുപക്ഷേ ഒന്നോ രണ്ടോ മാറ്റങ്ങൾ ഉണ്ടായേക്കാം. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഇംഗ്ലണ്ടിന് നോക്കൗട്ട് ഏറെക്കുറെ ഉറപ്പിക്കാം.

മറുവശത്ത്, മുന്നിൽ നിന്ന ശേഷം വെയിൽസിനോട് സമനില വഴങ്ങേണ്ടി വന്ന ക്ഷീണത്തിലാണ് യു.എസ്.എയുടെ വരവ്. എന്നിരുന്നാലും ക്യാപ്റ്റൻ പുലിസിച്ച് നയിക്കുന്ന മുന്നേറ്റനിരയിൽ അവർക്ക് വിശ്വാസമുണ്ട്. എന്നാലത് ഇംഗ്ലണ്ടിന് മുന്നിൽ എത്രത്തോളം വിജയകരമാകുമെന്ന് കണ്ടുതന്നെ അറിയണം. നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ യു.എസ് മാക്സിമം തോൽക്കാതിരിക്കാൻ നോക്കണം. ഇറാനെതിരെ പുറത്തെടുത്ത പ്രകടനം ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തിലും പുറത്തെടുത്താൽ യു.എസ്.എ ഗോൾമഴയിൽ മുങ്ങുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്തുതന്നെ നടന്നാലും നമുക്ക് കാത്തിരുന്നു കാണാം.