ഉറുഗ്വായെ ഗോൾരഹിത സമനിലയിൽ തളച്ച് സൗത്ത് കൊറിയ.!
ലോകകപ്പിലെ ഏഷ്യൻ ടീമുകളുടെ മിന്നും പ്രകടനങ്ങൾ തുടർക്കഥ ആകുകയാണ്. ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ലാറ്റിൻ അമേരിക്കൻ വമ്പന്മാരായ ഉറുഗ്വായെ ഏഷ്യൻ ടീമായ സൗത്ത് കൊറിയ ഗോൾരഹിത സമനിലയിൽ തളച്ചു. ഉറുഗ്വായോട് ഇഞ്ചോടിഞ്ച് പൊരുതി വാങ്ങിയത് ആണ് ഈയൊരു സമനിലയെന്ന് നിസംശയം പറയാം. മത്സരത്തിൽ ഇരുടീമുകളും ഗോളിനായി ആവുന്നത്ര പൊരുതിയെങ്കിലും ഒന്നും ലക്ഷ്യത്തിലേക്ക് എത്തിയില്ല. ഉറുഗ്വായ് ഒരു ഷോട്ട് ആണ് ആകെ ലക്ഷ്യത്തിന് നേരെ ഉതിർത്തത്. 2 ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയത് മത്സരത്തിൽ അവർക്ക് തിരിച്ചടിയായി. അതിൽ വൽവെർദെയുടെ വെടിയുണ്ട കണക്കിനുള്ള ഷോട്ട് എടുത്തു പറയേണ്ടതാണ്. അതേസമയം കൊറിയക്ക് ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് അടിക്കുവാൻ കഴിഞ്ഞില്ല. മികച്ച അവസരങ്ങൾ ഇരുകൂട്ടരും സൃഷ്ടിച്ച് എടുത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ മത്സരഫലം നിർണ്ണയിക്കുകയായിരുന്നു.

സുവാരസ്, ന്യൂനെസ്, വൽവെർദെ, ബെൻ്റങ്കർ, ജിമിനെസ്, ഗോഡിൻ, കവാനി തുടങ്ങിയ പേരുകേട്ട താരങ്ങളെ അണിനിരത്തിയിട്ടും കൊറിയൻ പ്രതിരോധപ്പൂട്ട് ഭേദിക്കാൻ അവർക്ക് സാധിച്ചില്ല. ഒടുവിൽ ഓരോ പോയിൻ്റ് വീതം പങ്കുവെച്ചുകൊണ്ട് ഇരുവരും സമനിലയിൽ പിരിയുകയായിരുന്നു. ഇനി വരും മത്സരത്തിൽ പോർച്ചുഗൽ ആണ് ഉറുഗ്വായുടെ എതിരാളികൾ. സൗത്ത് കൊറിയ ഘാനയേയും നേരിടും.