ലോകകപ്പിൽ സ്പെയിന് വേണ്ടി ചരിത്രം കുറിച്ച് ഗാവി.!
താനൊരു ഓവർറേറ്റഡ് താരമാണ് എന്നുപറഞ്ഞ് വിമർശിച്ചവർക്കുള്ള മറുപടി ആയിരുന്നു ഇന്നലെ കോസ്റ്റാറിക്കക്കെതിരെ നടന്ന മത്സരത്തിൽ ഗാവി പുറത്തെടുത്ത പ്രകടനം. 74ആം മിനിറ്റിൽ അൽവാരോ മൊറാറ്റയുടെ പാസിൽ നിന്നും ഗാവി നേടിയ ഗോൾ മാത്രം മതി താരത്തിൻ്റെ പ്രതിഭ തിരിച്ചറിയാൻ. ഈയൊരു ഗോളോടെ ലോകകപ്പിൽ പുതിയ റെക്കോർഡ് കുറിക്കുവാനും താരത്തിനായി. ലോകകപ്പ് ചരിത്രത്തിൽ സ്പെയിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ആണ് ഗാവി സ്വന്തമാക്കിയത്. ഒപ്പം ലോകത്തിലെ തന്നെ മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായി മാറാനും താരത്തിന് കഴിഞ്ഞു. പെലെ, മാന്വൽ റൊസാസ് എന്നിവർക്ക് പിന്നിലാണ് ഗാവിയുടെ സ്ഥാനം.2004 ൽ ജനിച്ച താരത്തിന് കഴിഞ്ഞ ഓഗസ്റ്റ് മാസം 5ആം തീയതിയാണ് 18 വയസ് പൂർത്തിയായത്.

ഈ വർഷം തന്നെ ഗോൾഡൻ ബോയ്, കോപ്പ ട്രോഫി പുരസ്കാരങ്ങൾ നേടുവാനും ഈ സ്പാനിഷ് സൂപ്പർ താരത്തിന് സാധിച്ചിരുന്നു. ബാഴ്സയുടെ അക്കാദമിയായ ലാ മാസിയയിൽ പയറ്റിത്തെളിഞ്ഞ താരമായതിനാൽ ബാർസയ്ക്കും ഗാവിയെ പറ്റിയോർത്ത് അഭിമാനിക്കാം.