ഫ്രാൻസിൻ്റെ പരിക്ക് ശാപം തുടരുന്നു; ലൂക്കാസ് ഹെർണാണ്ടെസും പുറത്തായി.!
ലോകകപ്പിലെ പരിക്ക് ശാപം വിട്ടൊഴിയാതെ ഫ്രാൻസ്. ഇന്നലെ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ പ്രതിരോധനിര താരം ലൂക്കാസ് ഹെർണാണ്ടെസും ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്. നേരത്തെ പ്രസ്നൽ കിമ്പെമ്പെ, കരീം ബെൻസീമ, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരെ ഫ്രാൻസിന് നഷ്ടപ്പെട്ടിരുന്നു. കൂടാതെ പോൾ പോഗ്ബ, എങ്കാളോ കാൻ്റെ തുടങ്ങിയവരും സ്ക്വാഡ് അനൗൺസ്മെൻ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ പരിക്കിനെ തുടർന്ന് ലോകകപ്പ് കളിക്കില്ല എന്ന് ഉറപ്പായിരുന്നു. അതിനെല്ലാം പുറകെയാണ് ഇപ്പോൾ ഹെർണാണ്ടെസ് കൂടി പുറത്തായിരിക്കുന്നത്. എന്തായാലും ഫ്രാൻസ് ആരാധകരെ സമ്പന്ധിച്ചിടത്തോളം വളരെയധികം ദുഃഖകരമായ വാർത്തയാണിത്.

ഇന്നലത്തെ മത്സരത്തിനിടയിൽ ഓസ്ട്രേലിയയുടെ മുന്നേറ്റത്തെ തടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് താരം പരിക്കേറ്റ് മൈതാനത്ത് വീണത്. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തി താരത്തെ കളത്തിനു വെളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. താരത്തിൻ്റെ കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ഈ സീസൺ മുഴുവനായും താരത്തിന് നഷ്ടമാകുമെന്ന് ആണ് അറിയാൻ കഴിയുന്ന വിവരം. ജർമൻ ക്ലബായ ബയേൺ മ്യുണിക്കിൻ്റെ താരമാണ് ഹെർണാണ്ടെസ്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് ഒരു പകരക്കാരനെ ഫ്രാൻസ് സ്ക്വാഡിൽ ഉൾപ്പെടുത്തുമോ എന്നുള്ളത് വരും മണിക്കൂറുകളിൽ അറിയുവാൻ സാധിക്കും. എന്തായാലും എത്രയും പെട്ടെന്ന് ഹെർണാണ്ടെസിന് പരിക്കിൽ നിന്ന് മുക്തനാവാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.