European Football Foot Ball Top News

ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ

November 23, 2022

author:

ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ

ലോകകപ്പിൽ നിലവിലെ രണ്ടാം സ്ഥാനക്കാരെന്ന പകിട്ടുമായെത്തിയ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രൊയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. കളിയുടെ തുടക്കത്തില്‍ ക്രോയേഷ്യക്കായിരുന്നു ആധിപത്യമെങ്കിലും പതുക്കെ കളം പിടിച്ച മൊറോക്കോ കൗണ്ടര്‍ അറ്റാക്കുകളുമായി ക്രോയേഷ്യയെ വിറപ്പിച്ചു.

ഖത്തർ ലോകകപ്പിൽ മൂന്നാമത്തെ ഗോൾരഹിത സമനിലയാണിത്. ഇതോടെ ഗ്രൂപ്പ് എഫിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് പുറത്തെടുത്തത്. പന്തടക്കത്തിലും ആക്രമണത്തിലും നേരിയ മുൻതൂക്കമുണ്ടായിരുന്ന ക്രൊയേഷ്യയ്ക്ക്, ലക്ഷ്യം കാണാനുമായില്ല.

ആറാം മിനിറ്റില്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ക്രോയേഷ്യ കോര്‍ണര്‍ നേടിയെങ്കിലും ഗോളിലേക്കുള്ള വഴി തുറന്നില്ല. ഒമ്പതാം മിനിറ്റിലാണ് മൊറോക്കോ ക്രോയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ആദ്യം പന്തെത്തിച്ചത്. പിന്നീട് തുടര്‍ച്ചയായി ആക്രമിച്ച മൊറോക്കോ ക്രോയേഷ്യന്‍ നീക്കങ്ങളുടെ മുനയൊടിച്ചു. 22ാം മിനിറ്റില്‍ ബോക്സിന് പുറത്ത് ലൂക്ക മോഡ്രിച്ചിന്‍റെ ഫൗളില്‍ നിന്ന് മൊറോക്കോക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ മൊറോക്കോക്കായില്ല. രണ്ടാം പകുതിയിൽ രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചത് മൊറോക്കോയ്‌ക്കാണ്. 51–ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിനു സമീപം ഓടിയെത്തി നാസിർ മസ്റോയി തൊടുത്ത ഹെഡർ ഗോൾകീപ്പർ ലിവകോവിച്ച് തടുത്തിട്ടതും വിനയായി.

Leave a comment