കിരീടമോഹവുമായി ബെൽജിയം; എതിരാളികൾ 36 വർഷത്തിനു ശേഷം ലോകകപ്പിൽ എത്തുന്ന കാനഡ.!
ഇത്തവണത്തെ ലോകകപ്പിൽ കിരീട ഫേവറേറ്റ്സുകളായി പലരും വിലയിരുത്തുന്ന ടീമുകളിൽ ഒന്നാണ് ബെൽജിയം. നിലവിൽ ഫിഫ റാങ്കിംഗിൽ 2ആം സ്ഥാനത്താണ് അവരുള്ളത്. എന്നാൽ ആ ഒരു മികവ് അവർക്ക് പല മേജർ ടൂർണമെൻ്റുകളിലും പുറത്തെടുക്കാൻ കഴിയാറില്ല. എങ്കിലും ഇത്തവണ രണ്ടും കൽപ്പിച്ച് തന്നെയാണ് കെവിൻ ഡി ബ്രുയ്ൻ്റെയും സംഘത്തിൻ്റെയും വരവ്. ഗ്രൂപ്പ് എഫിൽ അവരിന്ന് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാനഡയാണ് ബെൽജിയത്തിൻ്റെ എതിരാളികൾ. കെവിൻ ഡിബ്രുയ്ൻ, ഈഡൻ ഹസാർഡ്, റൊമേലു ലുകാകു, കരാസ്‌കോ, ട്രോസ്സാർഡ്, മ്യുനിയർ, വിറ്റ്സൽ, ടീലെമൻസ്, മെർട്ടൻസ്, ആൽഡർവിയറാൾഡ്, കോർട്ടുവ തുടങ്ങിയ പ്രതിഭാ സമ്പന്നരായ കളിക്കാരുടെ സാന്നിധ്യം അവർക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

ബെൽജിയത്തിൻ്റെ മൂർച്ചയുള്ള ആക്രമണങ്ങളെ കാനഡ എങ്ങനെ തടുത്തുനിർത്തുമെന്ന് കണ്ടുതന്നെ അറിയണം. 36 വർഷങ്ങൾക്ക് ശേഷമാണ് കാനഡ ലോകകപ്പ് യോഗ്യത നേടുന്നത്. 1986ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിലാണ് അവർ ആദ്യമായും അവസാനമായും പന്തുതട്ടിയത്. ബയേൺ താരം അൽഫോൻസോ ഡേവിസ് ആണ് കെനേഡിയൻ ടീമിൻ്റെ ശ്രദ്ധാകേന്ദ്രം. എന്തായാലും 36 വർഷങ്ങൾക്ക് ശേഷമുള്ള വരവിൽ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ ടീമിനെയാണ് അവർക്ക് എതിരായി ലഭിച്ചിരിക്കുന്നത്. ബെൽജിയൻ മിന്നലാക്രമണങ്ങളെ അവർ എങ്ങനെ നേരിടുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.