ജർമൻ പടയ്ക്ക് ഇന്ന് ഏഷ്യൻ എതിരാളികൾ.!
ലോകകപ്പിൽ കരുത്തരായ ജർമൻ പട ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ഏഷ്യയിലെ കരുത്തരായ ജപ്പാൻ ആണ് ഹാൻസി ഫ്ളിക്കിൻ്റെയും സംഘത്തിൻ്റെയും എതിരാളികൾ. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. 2014ൽ അർജൻ്റീനയെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയ ജർമ്മനി പക്ഷേ 2018ൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഇത്തവണ കരുത്തുറ്റ ഒരു സംഘവുമായാണ് അവർ ഖത്തറിലേക്ക് എത്തിയിരിക്കുന്നത്. സാനെ, ഗ്നാബ്രി, മുസിയാല, മുള്ളർ, ഗൊറെട്സ്ക, കിമ്മിച്ച്, ഹാവെർട്സ്, ഗുണ്ടോഗൻ, സ്യൂൾ, റൂഡിഗർ, ന്യൂയർ, ടെർ സ്റ്റീഗൻ തുടങ്ങിയ വമ്പൻ താരനിര തന്നെ ജർമനിക്കുണ്ട്. അതുകൊണ്ടുതന്നെ ജപ്പാന് ഭയപ്പെടാതെ നിർവാഹമില്ല.

കൂബോ, മിനാമിനോ, മിറ്റോമ, തൊമിയാസു തുടങ്ങിയവർ ഒഴികെയുള്ള ജാപ്പനീസ് താരങ്ങൾ ഒന്നും തന്നെ അത്ര പോപ്പുലർ അല്ല. എന്നാൽപോലും ചെറിയൊരു വെല്ലുവിളി എങ്കിലും ജർമനിക്ക് മേൽ ഉയർത്താൻ ജപ്പാന് കഴിയും. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.