മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽപ്പനയ്ക്ക്.!
ഇന്നലെയായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുവെന്ന വിവരം ഫുട്ബോൾ ലോകം അറിഞ്ഞത്. അതിന് പിന്നാലെ ഇപ്പൊൾ യുണൈറ്റഡ് വിൽക്കുവാൻ അവരുടെ ഉടമകളായ ഗ്ലേസേർസ് തീരുമാനിച്ചിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. അടുത്തിടെയാണ് റൊണാൾഡോ ഒരഭിമുഖത്തിൽ ക്ലബിനെയും മാനേജ്മെൻ്റിനെയുമെല്ലാം രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. അതിന് പിന്നാലെ യുണൈറ്റഡ് താരവുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പരസ്പര ധാരണയിൽ ആണ് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചത്. അതിന് പുറകെയാണ് ഗ്ലേസേർസ് ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒന്നുകിൽ ക്ലബ് പൂർണമായും വിൽക്കുക, അല്ലെങ്കിൽ പുതിയ ഇൻവെസ്റ്റ്മെൻ്റുകൾ സ്വീകരിക്കുക എന്നതാണ് അവരുടെ തീരുമാനം. ക്ലബ് തന്നെ ഇതൊരു ഒഫീഷ്യൽ സ്റ്റേറ്റ്മെൻ്റിലൂടെ അറിയിച്ചിട്ടുണ്ട്.
2005ൽ ആയിരുന്നു യുണൈറ്റഡിനെ ഗ്ലേസേർസ് സ്വന്തമാക്കിയത്. സമീപകാലത്ത് ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് അവർ കടന്നു പോകുന്നത്. ഒരു കിരീടം നേടിയിട്ട് വർഷങ്ങളായി. നീണ്ട 17 വർഷത്തെ ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീഴുവാൻ ഒരുങ്ങുന്നത്. പുതിയ ഉടമകൾക്ക് കീഴിൽ മികച്ചൊരു തിരിച്ചുവരവ് നടത്തുവാൻ കഴിയുമെന്നാണ് ഇപ്പൊൾ ആരാധകരുടെ വിശ്വാസം. എന്തായാലും ആരാകും യുണൈറ്റഡിനെ സ്വന്തമാക്കുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം.