ലോകകപ്പിൽ ക്രൊയേഷ്യ ഇന്ന് മൊറോക്കോയ്ക്കെതിരെ.!
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന പോരാട്ടത്തിൽ ക്രൊയേഷ്യ ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പ് ആണ് ക്രൊയേഷ്യ. അന്ന് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മോഡ്രിച്ചും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്. പരിചയ സമ്പത്തിനൊപ്പം യുവത്വവും കൂടി ഇടകലർന്ന സ്ക്വാഡിനെയാണ് ഇത്തവണ ക്രൊയേഷ്യ കളത്തിലിറക്കുന്നത്. മറുവശത്ത് ഹക്കിമി, സയക്ക്, മസ്രോയി, എൽ നെസിരി തുടങ്ങിയ ഒരുപിടി മികച്ച താരങ്ങൾ മൊറോക്കോയിലും ഉണ്ട്. എന്നിരുന്നാലും ക്രൊയേഷ്യയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം.

മോഡ്രിച്ചിനൊപ്പം, കൊവാസിച്ച്, ബ്രൊസോവിച്ച്, ക്രമാരിച്ച്, ലോവ്റെൻ, വിദ തുടങ്ങിയ യൂറോപ്പിൽ പേര് കേട്ട ഒരുപിടി താരങ്ങൾ ക്രൊയേഷ്യൻ നിരയിലുണ്ട്. എന്തായാലും ആദ്യ മത്സരത്തിൽ വിജയിച്ചു തുടങ്ങാൻ ആയി ഇരു ടീമുകളും കച്ചകെട്ടി ഇറങ്ങുമ്പോൾ വാശിയേറിയ ഒരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.