Foot Ball ISL Top News

എ.ടി.കെയെ കെട്ടുകെട്ടിച്ച് ഗോവ.!

November 20, 2022

author:

എ.ടി.കെയെ കെട്ടുകെട്ടിച്ച് ഗോവ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 2 കരുത്തന്മാർ തമ്മിൽ പോരടിച്ച മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ ഫറ്റോർഡാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ആതിഥേയരായ ഗോവ എ.ടി.കെയെ നിലം പരിശാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു 3 ഗോളുകളും പിറന്നത്. 50ആം മിനിറ്റിൽ അയിബാൻ ആയിരുന്നു ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. അൻവർ അലിയുടെ പാസ്സ് സ്വീകരിച്ച് വിങ്ങിലൂടെ അതിവേഗം കുതിച്ച അയിബാൻ പോസ്റ്റിൻ്റെ ഇടത് പാർശ്വത്തിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടുകയായിരുന്നു. ശേഷം ആവേശമേറിയ മത്സരത്തിൽ 76ആം മിനിറ്റിൽ എടു ബേഡിയയുടെ കോർണറിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങിയ പ്രതിരോധതാരം ഫാറെസ് ഗോവയുടെ രണ്ടാം ഗോൾ കണ്ടെത്തി.

തുടർന്ന് 82ആം മിനിറ്റിൽ മറ്റൊരു സബ്സ്റ്റിറ്റ്യൂട്ട് താരം കൂടി ഗോൾ നേടുകയുണ്ടായി. വാസ്ക്കസിന് പകരം കളത്തിലിറങ്ങിയ നോവ സഡോയിയാണ് ബോക്സിന് വെളിയിൽ നിന്നുമുള്ള ഒരു വെടിക്കെട്ട് ഷോട്ടിലൂടെ എ.ടി.കെ ഗോൾകീപ്പർ വിശാൽ കെയ്ത്തിനെ മറികടന്ന് ഗോവയുടെ മൂന്നാം ഗോൾ സ്വന്തമാക്കിയത്. ഇതോടെ ഗോൾ പട്ടിക പൂർത്തിയായി. മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾ എ.ടി.കെ തുറന്നെടുത്തിരുന്നെങ്കിലും ഒരൊറ്റ ഷോട്ട് പോലും ടാർഗെറ്റിൽ എത്തിക്കുവാൻ അവർക്ക് സാധിച്ചില്ല. അതോടെ 3-0 എന്ന സ്കോറിന് ആതിഥേയരായ ഗോവ വിജയിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോട് ഏറ്റ തോൽവിയുടെ ക്ഷീണം മാറ്റുവാൻ കാർലോസ് പെനയ്ക്കും സംഘത്തിനും കഴിഞ്ഞു. അതോടെ 6 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്ക് പ്രവേശിച്ചു. അത്രയും മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുള്ള എ.ടി.കെ 6ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Leave a comment