Foot Ball ISL Top News

അപരാജിതരെ അവരുടെ മടയിൽ ചെന്ന് കീഴടക്കി ബ്ലാസ്റ്റേഴ്സ്.!

November 19, 2022

author:

അപരാജിതരെ അവരുടെ മടയിൽ ചെന്ന് കീഴടക്കി ബ്ലാസ്റ്റേഴ്സ്.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിലെ ഫൈനലിൻ്റെ തനിയാവർത്തനം കണ്ട മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഹൈദരാബാദിൻ്റെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സന്ദർശകരായ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിച്ചത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻ്റാക്കോസ് ആണ് മഞ്ഞപ്പടയ്ക്കായി ഗോൾ നേടിയത്. 18ആം മിനിറ്റിൽ കലിയുഷ്ണി നെയ്തെടുത്ത മുന്നേറ്റം താരം ലുണയുടെ കാലുകളിലേക്ക് കൈമാറി. ലൂണ സഹലിനെ ലാക്കാക്കി ബോക്സിലേക്ക് ചിപ്പ് ചെയ്ത് നൽകിയ പാസ് ഹൈദരാബാദ് ഗോൾകീപ്പർ അനുജ് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നെത്തിയത് ദിമിത്രിയുടെ കാലുകളിലേക്ക് ആയിരുന്നു. താരത്തിൻ്റെ മികച്ച ഷോട്ട് പോസ്റ്റിൽ പ്രതിരോധിക്കാൻ നിന്ന ഹൈദരാബാദ് ഡിഫൻ്റേഴ്സിനെ മറികടന്ന് വലയിൽ. ഗ്യാലറിയിൽ ഇരുന്ന മഞ്ഞപ്പട ആരാധകർ ആനന്ദനൃത്തമാടിയ നിമിഷം. കാരണം, കഴിഞ്ഞ സീസണിലെ ഫൈനൽ തന്നെ. അന്നത്തെ തോൽവി മനസ്സിൽ കരുതിയാണ് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും ഇന്നത്തെ മത്സരം കണ്ടിട്ടുണ്ടാവുക. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ ഹൈദരാബാദ് ഗോൾ മടക്കുവാനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു മുന്നിൽ അതൊന്നും വിലപ്പോയില്ല. അത്ര മികച്ച പ്രകടനമായിരുന്നു താരങ്ങൾ എല്ലാവരും തന്നെ പുറത്തെടുത്തത്. കൂടുതൽ ഗോളുകൾ പിറക്കാൻ ഉള്ള അവസരങ്ങൾ ഇരുടീമുകളും തുറന്നെടുത്തെങ്കിലും അവയൊന്നും ഗോൾ ആയി മാറിയില്ല. അങ്ങനെ 1-0 എന്ന സ്കോറിന് ഇവാൻ്റെ പട്ടാളം വിജയക്കൊടി പാറിക്കുകയായിരുന്നു.

അതോടെ കഴിഞ്ഞ സീസണിലെ ഫൈനലിൽ ഏറ്റ തോൽവിക്ക് മധുര പ്രതികാരം വീട്ടുവാനും ടീമിനായി. കൂടാതെ 2 നേട്ടങ്ങൾ കൂടി മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. തുടർച്ചയായി 5 മത്സരത്തിൽ ക്ലീൻഷീറ്റ് നേടി മുന്നേറി വന്ന ടീം ആയിരുന്നു ഹൈദരാബാദ്. ബ്ലാസ്റ്റേഴ്സിൻ്റെ ഇന്നത്തെ മിന്നും വിജയത്തോടെ ഈയൊരു മുന്നേറ്റം അവസാനിച്ചു. ഒപ്പം ഈ സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ കുതിച്ച ഹൈദരാബാദിനെ അവരുടെ മടയിൽ വെച്ച് കീഴടക്കിക്കൊണ്ട് അവരുടെ അൺബീറ്റൺ റൺ അവസാനിപ്പിക്കുവാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എന്തായാലും ഈയൊരു തകർപ്പൻ വിജയത്തോടെ 7 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റ് നേടിയ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. അത്രയും മത്സരങ്ങളിൽ നിന്നും 16 പോയിൻ്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇനി ഡിസംബർ 4ന് ജംഷഡ്പൂരിനെതിരെ അവരുടെ മൈതാനത്ത് വെച്ചാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.

Leave a comment