Foot Ball ISL Top News

2 ഗോളിന് പിന്നിൽ നിന്നശേഷം ഗംഭീര തിരിച്ചുവരവുമായി ഒഡീഷ.!

November 18, 2022

author:

2 ഗോളിന് പിന്നിൽ നിന്നശേഷം ഗംഭീര തിരിച്ചുവരവുമായി ഒഡീഷ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ, ഒഡീഷ എഫ്സിക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ വിജയം സ്വപ്നം കണ്ട ഈസ്റ്റ് ബംഗാളിന് മാരകമായ ഒരു തിരിച്ചുവരവിലൂടെ ഒഡീഷ മറുപടി കൊടുക്കുകയായിരുന്നു. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്നതാണ് ആതിഥേയരായ ഈസ്റ്റ് ബംഗാൾ. 23ആം മിനിറ്റിൽ ഹൊയ്കിപ്പും, 35ആം മിനിറ്റിൽ മഹേഷ് സിങ്ങുമാണ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് മലയാളിതാരം വി.പി സുഹൈർ ആയിരുന്നു. താരത്തിൻ്റെ കൃത്യതയാർന്ന മികച്ച ക്രോസുകളിൽ നിന്നുമാണ് രണ്ട് ഗോളുകളും പിറന്നത്. എന്നാൽ രണ്ടാംപകുതിയിൽ ഒഡീഷ രണ്ടും കൽപ്പിച്ചാണ് കളത്തിലിറങ്ങിയത്. 47,48 മിനിറ്റുകളിൽ ഗോളുകൾ നേടിക്കൊണ്ട് സബ് ആയി കളത്തിലിറങ്ങിയ സ്പാനിഷ് താരം പെഡ്രോ മാർട്ടിൻ സന്ദർശകരെ ഒപ്പമെത്തിച്ചു. ഇതോടെ താരം സൂപ്പർ സബ് ആയി മാറി. സുഹൈറിനെ പോലെതന്നെ ഒഡീഷയുടെ ആദ്യ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ഒഡീഷ ക്യാപ്റ്റൻ ഡിയേഗോ മൗറീഷ്യോ ആയിരുന്നു.

തുടർന്ന് ആവേശം കൂടിയ മത്സരത്തിൽ 65ആം മിനിറ്റിൽ ജെറിയിലൂടെ ഒഡീഷ ലീഡ് നേടി. മീട്ടെയിയുടെ ക്രോസിൽ നിന്നും ഒരു ഫ്രീ ഹെഡ്ഡറിലൂടെയാണ് ജെറി ഒഡീഷയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ഒടുവിൽ 76ആം മിനിറ്റിൽ നന്ദകുമാറിൻ്റെ തകർപ്പൻ ഗോളിലൂടെ സന്ദർശകർ ഈസ്റ്റ് ബംഗാളിന് മേൽ അവസാന ആണിയും അടിച്ചു. സ്കോർ 4-2. ശേഷിച്ച സമയം ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. രണ്ട് ഗോളിൻ്റെ ലീഡ് നേടിയിട്ടും ഞൊടിയിടയിൽ മത്സരം കൈവിട്ടു കളഞ്ഞത് ഈസ്റ്റ് ബംഗാൾ ആരാധകരെ നിരാശയിലാക്കി. അതേ സമയം പിന്നിൽ നിന്നും മികച്ച വിജയം സ്വന്തമാക്കിയ ഒഡീഷയ്ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് കടന്നുപോയത്. സൂപ്പർസബ് ആയി കളിയുടെ ഗതി തിരിച്ചുകളഞ്ഞ പെഡ്രോയാണ് മത്സരത്തിലെ താരം. ഈയൊരു വിജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി ഒഡീഷ 3ആം സ്ഥാനത്തേക്ക് കയറി. 7 മത്സരങ്ങൾ പൂർത്തിയാക്കിയ ഈസ്റ്റ് ബംഗാൾ 6 പോയിൻ്റുമായി 8ആം സ്ഥാനത്താണ്.

Leave a comment