Cricket IPL Top News

ഐ.പി.എല്ലിൽ ഇനി പൊള്ളാർഡ് ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരം.!

November 15, 2022

author:

ഐ.പി.എല്ലിൽ ഇനി പൊള്ളാർഡ് ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരം.!

ഐ.പി.എല്ലിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടങ്ങൾ ഉള്ളതും ഇതേ മുംബൈക്ക് തന്നെയാണ്. അതേ മുംബൈയുടെ എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് വെസ്റ്റ്ഇൻഡീസുകാരനായ കെയ്റോൺ പൊള്ളാർഡ്. എന്നാലിപ്പോൾ താരം ഐ.പി.എല്ലിൽ നിന്നും തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് മുംബൈ ആരാധകരെ സമ്പന്ധിച്ചിടത്തോളം അങ്ങേയറ്റം ദുഃഖം ഉളവാക്കുന്ന വാർത്തയാണ്. പക്ഷേ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും താരത്തെ നമുക്ക് ഐ.പി.എല്ലിൽ കാണുവാൻ കഴിയും. കാരണം, താരത്തെ മുംബൈ തങ്ങളുടെ ബാറ്റിംഗ് കോച്ച് ആയി നിയമിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വരുന്ന സീസണിൽ പൊള്ളർഡിനെ നമുക്ക് കാണുവാൻ കഴിയും. 2010ലാണ് താരം മുംബൈ ഇന്ത്യൻസിൽ ജോയിൻ ചെയ്യുന്നത്. അന്ന് മുതൽ ടീമിൻ്റെ അഭിവാജ്യ ഘടകമായി മുമ്പോട്ട് പോകുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

 

171 മത്സരങ്ങളിൽ നിന്നും 3412 റൺസ് ആണ് താരം ഐ.പി.എല്ലിൽ നേടിയിട്ടുള്ളത്. ഒപ്പം 69 വിക്കറ്റുകൾ നേടുവാനും പൊള്ളർഡിന് കഴിഞ്ഞിട്ടുണ്ട്. 16 അർദ്ധസെഞ്ച്വറികളാണ് ഇക്കാലയളവിൽ പൊള്ളാർഡ് മുംബൈക്കായി നേടിയത്. ടീമിൻ്റെ വിശ്വസിക്കാവുന്ന ഫിനിഷർ ആയി പേരെടുക്കാനും താരത്തിന് കഴിഞ്ഞു. മുംബൈയുടെ 5 കിരീടനേട്ടത്തിലും നിർണായക പങ്ക് വഹിക്കാനും പൊള്ളാർഡിന് കഴിഞ്ഞിട്ടുണ്ട്. 2013ലെ ഫൈനലിൽ 32 പന്തിൽ 60 റൺസ് ആയിരുന്നു താരം നേടിയത്. അതുപോലെ 2015 ഫൈനലിൽ 18 പന്തിൽ 36ഉം, 2019ൽ 25 പന്തിൽ 41 റൺസും നേടാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ മുംബൈയുടെ എക്കാലത്തെയും മികച്ച താരം എന്നുതന്നെ പൊള്ളാർഡിനെ വിശേഷിപ്പിക്കാം. 2023 സീസണിലേക്ക് ഉള്ള ടീമിൽ നിന്നും മുംബൈ താരത്തെ റിലീസ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പൊൾ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുപക്ഷേ വിരമിക്കൽ തീരുമാനം മുമ്പേ കൈക്കൊണ്ടത് കൊണ്ടാവാം മുംബൈ താരത്തെ റിലീസ് ചെയ്തത്.

നീണ്ട 13 വർഷത്തെ മുംബൈ കരിയറിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. ഇത്രയും വർഷം ഒരേ ടീമിൽ കളിച്ച ഏക വിദേശ താരവും പൊള്ളാർഡ് തന്നെയാണ്. എന്തായാലും വരും സീസണിൽ ഒരു പരിശീലകൻ്റെ റോളിൽ താരത്തെ നമുക്ക് ഐ.പി.എല്ലിൽ കാണുവാൻ കഴിയും. എന്തായാലും കരിയറിലെ പുതിയൊരു വെല്ലുവിളിയിലേക്ക് കടക്കുന്ന പൊള്ളാർഡിന് നമുക്ക് എല്ലാവിധ ആശംസകളും നേരാം.

Leave a comment