Foot Ball ISL Top News

ചെന്നൈയിനെ ഗോൾമഴയിൽ ആറാടിച്ച് മുബൈ സിറ്റി.!

November 12, 2022

author:

ചെന്നൈയിനെ ഗോൾമഴയിൽ ആറാടിച്ച് മുബൈ സിറ്റി.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ മുബൈ സിറ്റിക്ക് തകർപ്പൻ വിജയം. ചെന്നൈയുടെ തട്ടകമായ മറീന അരീനയിൽ നടന്ന മത്സരത്തിൽ 2 ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം 6 ഗോളുകൾ തിരിച്ചടിച്ചാണ് സന്ദർശകരായ മുംബൈസിറ്റി വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ 19ആം മിനിറ്റിൽ സ്ലിസ്കോവിച്ചിലൂടെയും 32ആം മിനിറ്റിൽ എൽ ഹയാതിയിലൂടെയും ഗോളുകൾ നേടിക്കൊണ്ട് ആതിഥേയരായ ചെന്നൈ 2-0 എന്ന സ്കോറിന് മുംബൈക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. എന്നാൽ കളി കാണാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. 33ആം മിനിറ്റിൽ പെരേയ്ര ഡയസിൻ്റെ ഹെഡ്ഡർ ഗോളിലൂടെ മുംബൈ ഒരു ഗോൾ മടക്കി. ശേഷം ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചാങ്തെയെ ചെന്നൈ കീപ്പർ മജൂംദാർ ബോക്സിൽ വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്ത ഗ്രെഗ് സ്റ്റുവർട്ടിനു പിഴച്ചില്ല. സ്കോർ 2-2. ഇതോടെ ആദ്യ പകുതിയിൽ തന്നെ ഒപ്പമെത്താൻ സന്ദർശകർക്കായി. തുടർന്ന് രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ വിനീത് റായിയിലൂടെ മുംബൈ ലീഡ് നേടുകയുണ്ടായി. ബിപിൻ സിംഗ് ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്.

ശേഷം 60ആം മിനിറ്റിൽ ഒരു കോർണറിൽ നിന്നും ചെന്നൈ പ്രതിരോധം ക്ലിയർ ചെയ്ത പന്ത് ബോക്സിന് വെളിയിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ വിഘ്നേഷ് ദക്ഷിണാമൂർത്തി ഗോളാക്കി മാറ്റി. സ്കോർ 4-2. ഈയൊരു ഗോൾ വീണ് 5 മിനിറ്റ് പൂർത്തിയായപ്പോഴേക്കും മുംബൈ അടുത്ത വെടിയും പൊട്ടിച്ചു. ഇത്തവണ ആൽബർട്ടോ നൊഗ്വേരയായിരുന്നു സന്ദർശകർക്കായി ലക്ഷ്യം കണ്ടത്. ഐ.എസ്.എൽ ചരിത്രത്തിലെ 2000ആമത്തെ ഗോൾ ആയിരുന്നു നൊഗ്വേരയുടെത്. അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല. ഏറ്റവുമൊടുവിൽ ഇഞ്ചുറി ടൈമിൻ്റെ ആദ്യ മിനിറ്റിൽ തന്നെ ബിപിൻ സിംഗും മുംബൈക്കായി ഗോൾവല ചലിപ്പിച്ചു. അതോടെ ഗോൾപട്ടിക പൂർത്തിയായി. മത്സരത്തിൽ ഒരു ഗോളും 2 അസിസ്റ്റുകളും സ്വന്തമാക്കിക്കൊണ്ട് ബിപിൻ സിംഗ് കളംനിറഞ്ഞപ്പോൾ ഗ്രെഗ് സ്റ്റുവർട്ട് ഓരോ ഗോളും അസിസ്‌റ്റും സ്വന്തമാക്കി. ഈയൊരു തകർപ്പൻ വിജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റോടെ 2ആം സ്ഥാനത്തേക്ക് പ്രവേശിക്കാൻ മുംബൈ സിറ്റിക്ക് സാധിച്ചു. ദയനീയ പരാജയം ഏറ്റുവാങ്ങിയ ചെന്നൈയിൻ 5 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റുമായി 6ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Leave a comment