European Football Foot Ball Top News

ഹോഫ്മാൻ്റെ മികവിൽ ബുണ്ടസ് ലിഗയിൽ ഡോർട്മുണ്ടിനെ തകർത്ത് ഗ്ലാഡ്ബാക്ക്.!

November 12, 2022

author:

ഹോഫ്മാൻ്റെ മികവിൽ ബുണ്ടസ് ലിഗയിൽ ഡോർട്മുണ്ടിനെ തകർത്ത് ഗ്ലാഡ്ബാക്ക്.!

ബുണ്ടെസ് ലിഗയിൽ 2 ബൊറൂസിയ ടീമുകൾ തമ്മിൽ നടന്ന തകർപ്പൻ മത്സരത്തിൽ ഡോർട്മുണ്ടിനെ തകർത്ത് മൊഞ്ചെൻ ഗ്ലാഡ്ബാക്ക്. ഗ്ലാഡ്ബാക്കിൻ്റെ തട്ടകമായ ബൊറൂസിയ പാർക്കിൽ നടന്ന മൽസരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ ഡോർട്മുണ്ടിനെ തകർത്തുവിട്ടത്. കളിയുടെ ആദ്യ 40 മിനിറ്റിലാണ് 5 ഗോളുകളും പിറക്കുന്നത്. 4ആം മിനിൻ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. സ്റ്റിൻഡലിൻ്റെ പാസ് സ്വീകരിച്ച് ജൊനാസ് ഹോഫ്മാനാണ് ആതിഥേയർക്കായി വലകുലുക്കിയത്. ഇതിന് മറുപടി ആയികൊണ്ട് 19ആം മിനിറ്റിൽ ഡോർട്മുണ്ട് ഒപ്പമെത്തി. ജൂഡ് ബെല്ലിംഗ്ഹാം പ്രതിരോധതാരങ്ങൾക്ക് മുകളിലൂടെ തൂക്കിയെറിഞ്ഞു നൽകിയ ബോൾ ജൂലിയൻ ബ്രാൻ്റ് ഒരു മികച്ച ഫിനിഷിലൂടെ വലയിലാക്കി. സ്കോർ 1-1. എന്നാൽ ഡോർട്മുണ്ടിനെ ഞെട്ടിച്ചുകൊണ്ട് 26ആം മിൻ്റിൽ ഗ്ലാഡ്ബാക്ക് വീണ്ടും ലീഡ് നേടി. ഹോഫ്മാൻ്റെ ഫ്രീകിക്കിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ബെൻസെബൈനിയാണ് ആതിഥേയർക്കായി ഗോൾ നേടിയത്. ഇവിടംകൊണ്ടും തീർന്നിരുന്നില്ല. വെറും 4 മിനിട്ടിൻ്റെ മാത്രം ഇടവേളയിൽ ഗ്ലാഡ്ബാക്ക് തങ്ങളുടെ 3ആം ഗോളും സ്വന്തമാക്കി. ഹോഫ്മാൻ്റെ പാസ്സ് സ്വീകരിച്ച് ഓടിക്കയറിയ മാർക്കസ് തുറാം ബോക്സിലെത്തി ഗോളിയെയും കബളിപ്പിച്ച് ഫ്രീ പോസ്റ്റിലേക്ക് പന്ത് പ്ലെയ്‌സ് ചെയ്യുകയായിരുന്നു. സ്കോർ 3-1. എന്നാൽ സന്ദർശകർക്ക് വീണ്ടും പ്രതീക്ഷ നൽകിക്കൊണ്ട് ഷ്ലോട്ടർബെക്ക് ബൊറൂസിയയുടെ രണ്ടാം ഗോൾ കണ്ടെത്തി. 40ആം മിനിറ്റിൽ ലഭിച്ച കോർണറാണ് ഒടുവിൽ ഗോളിൽ കലാശിച്ചത്. ആദ്യ പകുതി അതോടെ 3-2 എന്ന നിലയിൽ അവസാനിച്ചു.

തുടർന്ന് ആരംഭിച്ച രണ്ടാം പകുതിയിൽ സമയം വെറും 45 സെക്കൻ്റ് മാത്രം തികഞ്ഞപ്പോഴേക്കും ഏവരെയും ഞെട്ടിച്ചുകൊണ്ട് കൗഡിയോ കോനെയിലൂടെ ഗ്ലാഡ്ബാക്ക് മത്സരത്തിലെ അവസാന ഗോളും സ്വന്തമാക്കി. ഈയൊരു ഗോളിന് വഴി വെച്ചതും ഹോഫ്മാൻ തന്നെയായിരുന്നു. ഹോഫ്മാൻ നൽകിയ പാസിൽ നിന്നും ബോക്സിന് വെളിയിൽ നിന്നുള്ള ഒരു മികച്ച ഷോട്ടിലൂടെ കോനെ ഗോൾ സ്വന്തമാക്കി. ഇതിന് ശേഷവും മത്സരത്തിൽ ഗോൾ നേടുവാനുള്ള അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചിരുന്നെങ്കിലും അവയൊന്നും പിന്നീട് ലക്ഷ്യത്തിൽ എത്തിയില്ല. കൂടുതൽ ആക്രമിച്ചു കളിച്ചിട്ടും പരാജയം രുചിക്കേണ്ടി വന്നത് ഡോർട്മുണ്ടിന് നിരാശയായി. മത്സരത്തിൽ ഒരു ഗോളും 3 അസിസ്റ്റും നേടിക്കൊണ്ട് ഏറ്റവും തിളങ്ങിയത് ഹോഫ്മാൻ ആയിരുന്നു. താരം കഴിഞ്ഞ ദിവസം അനൗൺസ് ചെയ്ത ജർമനിയുടെ ലോകകപ്പ് സ്ക്വാഡിലും ഇടംപിടിച്ചിരുന്നു. എന്തായാലും രണ്ടിനെതിരെ 4 ഗോളുകൾക്ക് സന്ദർശകരായ ഡോർട്മുണ്ടിനെ തകർത്തു വിടാൻ ഗ്ലാഡ്ബാക്കിനായി. ഈയൊരു വിജയത്തോടെ 15 കളികളിൽ നിന്നും 22 പോയിൻ്റ് നേടിയ ഗ്ലാഡ്ബാക്ക് 7ആം സ്ഥാനത്തേക്ക് പ്രവേശിച്ചു. അത്രയും കളികളിൽ നിന്ന് 25 പോയിൻ്റ് ഉള്ള ഡോർട്മുണ്ട് തൊട്ടുമുകളിൽ 6ആം സ്ഥാനത്താണ് ഉള്ളത്.

Leave a comment