EPL 2022 European Football Foot Ball Top News

പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു..

November 11, 2022

author:

പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു..

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. മികച്ച താരം, മാനേജർ, ഗോൾ എന്നിവയാണ് പുറത്തുവന്നിട്ടുള്ളത്. മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂകാസിൽ യുണൈറ്റഡിൻ്റെ പരാഗ്വേ സ്ട്രൈക്കർ ആൽമിറോൺ ആണ്. സിറ്റി താരങ്ങളായ എർലിങ് ഹാലണ്ട്, കെവിൻ ഡിബ്രുയ്ൻ എന്നിവരെ മറികടന്നുകൊണ്ടാണ് ആൽമിറോൺ ഈയൊരു അവാർഡ് നേടിയത്. തകർപ്പൻ പ്രകടനമാണ് നിലവിൽ താരം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസത്തിൽ ന്യൂകാസിലിന് വേണ്ടി 6 മത്സരങ്ങളിൽ നിന്നും താരം നേടിയത് 5 ഗോളുകളാണ്. കൂടാതെ മത്സരങ്ങളിൽ ഒട്ടനവധി അവസരങ്ങൾ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. എന്തായാലും അർഹിച്ച അംഗീകാരം തന്നെയാണ് ആൽമിറോണിന് ലഭിച്ചിട്ടുള്ളത്.

മികച്ച മാനേജർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ന്യൂകാസിലിൻ്റെ കപ്പിത്താൻ ആയ എഡ്ഡി ഹോവെയാണ്. അഞ്ചാം തവണയാണ് ഹോവെ ഈയൊരു അവാർഡ് സ്വന്തമാക്കുന്നത്. ഈ വർഷം തന്നെ ഇത് 2ആം തവണയാണ് ഹോവേയ്ക്ക് മാനേജർ ഓഫ് ദി മന്ത് അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞ മാസത്തിൽ ഒരു തോൽവി പോലും ന്യൂകാസിലിന് വഴങ്ങേണ്ടി വന്നിട്ടില്ല. മാത്രമല്ല അതിൽ പകുതിയിൽ കൂടുതൽ മത്സരങ്ങളിലും 4ൽ കൂടുതൽ ഗോളുകൾ നേടുവാനും അവർക്ക് കഴിഞ്ഞു. 6 മത്സരങ്ങളിൽ നിന്നും 5 വിജയവും ഒരു സമനിലയും ഉൾപ്പെടെ 16 പോയിൻ്റാണ് ഒക്ടോബർ മാസത്തിലെ ന്യൂകാസിലിൻ്റെ സമ്പാദ്യം. ഈ കാരണങ്ങൾ ഒക്കെക്കൊണ്ടാണ് കഴിഞ്ഞ മാസത്തിലെ മികച്ച പരിശീലകനായി എഡ്ഡി ഹോവേ തിരഞ്ഞെടുക്കപ്പെട്ടത്.


മികച്ച ഗോളിനുള്ള പുരസ്കാരവും ന്യൂകാസിൽ വിട്ട് പുറത്തുപോയിട്ടില്ല. ആൽമിറോൺ തന്നെയാണ് ഈയൊരു അവാർഡും സ്വന്തമാക്കിയത്. ഒക്ടോബർ 1 ന് ഫുൾഹാമിനെതിരെ നടന്ന എവേ മത്സരത്തിൽ ഒരു ഹാഫ് വോളിയിലൂടെ താരം നേടിയ ഗോളാണ് ഒക്ടോബർ മാസത്തിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. എന്തായാലും അവാർഡുകൾ മൊത്തത്തിൽ സ്വന്തമാക്കുവാൻ ന്യൂകാസിൽ യുണൈറ്റഡിന് സാധിച്ചു. പുതിയ മാനേജ്മെൻ്റ് വന്നതിന് ശേഷം മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ നടത്തിക്കൊണ്ടിരിക്കുന്നത്. എന്തായാലും ഈയൊരു കുതിപ്പ് അവസാനം വരെ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment