Foot Ball qatar worldcup Top News

ലോകകപ്പിനായി യു.എസ് ടീം ഖത്തറിൽ എത്തി.!

November 11, 2022

author:

ലോകകപ്പിനായി യു.എസ് ടീം ഖത്തറിൽ എത്തി.!

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിന് മുന്നോടിയായി യു.എസ് ടീം ഇന്നലെ ഖത്തറിലെ ദോഹയിൽ ലാൻഡ് ചെയ്തു. ജപ്പാന് ശേഷം ഖത്തറിൽ എത്തുന്ന ആദ്യ ടീം ആണ് യു.എസ്.എ. എന്നിരുന്നാലും മുഴുവൻ താരങ്ങളും എത്തിച്ചേർന്നിട്ടില്ല. അമേരിക്കൻ മേജർ സോക്കർ ലീഗ് താരങ്ങളാണ് നിലവിൽ എത്തിച്ചേർന്നിട്ടുള്ളത്. പ്രീമിയർ ലീഗിലും മറ്റും ലോകപ്പിന് മുമ്പ് ഓരോ മത്സരങ്ങൾ കൂടി അവശേഷിക്കുന്നതിനാൽ ക്യാപ്റ്റൻ പുലിസിച്ച് ഉൾപ്പെടെയുള്ള താരങ്ങൾ അതിന് ശേഷം മാത്രമേ ഖത്തറിലേക്ക് തിരിക്കൂ. എന്തായാലും ലോകകപ്പിന് ആയുള്ള യു.എസ് സ്ക്വാഡിനെ കോച്ച് ഗ്രെഗ് ബെർഹാൾട്ടർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ചെൽസി താരം ക്രിസ്റ്റ്യൻ പുലിസിച്ച്, യുവൻ്റസ് താരം വെസ്റ്റൺ മക്കെന്നി, എസി മിലാൻ താരം സെർജിനോ ഡെസ്റ്റ് തുടങ്ങിയവരാണ് ടീമിലെ പ്രമുഖർ. ബുണ്ടസ് ലിഗ താരങ്ങൾക്ക് ഇന്ന് വൈകിട്ട് മത്സരമുണ്ട്, അതുപോലെ പ്രീമിയർ ലീഗ്, സീരി എ താരങ്ങൾക്ക് നാളെയും മറ്റെന്നാളുമായി മത്സരങ്ങളുണ്ട്. അതുകൊണ്ടുതന്നെ അതിനുശേഷം മാത്രമായിരിക്കും അവരെല്ലാം ഖത്തറിൽ ടീമിനൊപ്പം ചേരൂ. 8 വർഷങ്ങൾക്ക് ശേഷമാണ് അവർ ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. ഇറാൻ, വെയിൽസ്, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് യു.എസിൻ്റെ സ്ഥാനം. ഈയൊരു കാരണംകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടം കടക്കുക അല്പം പ്രയാസമുള്ള കാര്യമാണ്. നവംബർ 21ന് വെയിൽസിനെതിരെയാണ് ടീമിൻ്റെ ആദ്യ മത്സരം. പേളിലെ മാർസ മലാസ് കെമ്പിൻസ്കിയിലാണ് യു.എസ് ടീം താമസിക്കുക. തുടർന്ന് അൽ ഗരാഫ ക്ലബ് ഗ്രൗണ്ടിൽ ടീം പരിശീലനം നടത്തും. എന്തായാലും ലോകശക്തികളായ അമേരിക്കയ്ക്ക് ലോകകപ്പിലും ശക്തി തെളിയിക്കാൻ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.

Leave a comment