കീൻ രക്ഷകാനായി; വെറോണയെ മറികടന്ന് യുവൻ്റസ്.!
സീരി എയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഹെല്ലാസ് വെറോണക്കെതിരെ അവരുടെ തട്ടകത്തിൽ മുൻ ചാമ്പ്യന്മാരായ യുവെൻ്റസിന് വിജയം. എതിരില്ലാത്ത 1 ഗോളിനാണ് യുവെ വെറോണയെ മടികടന്നത്. മോയിസസ് കീൻ ആയിരുന്നു സന്ദർശകർക്കായി വിജയഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിൽ ഏക ഗോൾ പിറക്കുന്നത്. മത്സരത്തിൻ്റെ 60ആം മിനിറ്റിൽ അഡ്രിയാൻ റാബിയോട്ടിൻ്റെ പാസിൽ നിന്നുമാണ് കീൻ യുവേക്കായി വലകുലുക്കിയത്. ഇതല്ലാതെ ഒരു ഗോൾ പോലും നേടുവാൻ ഇരുവർക്കും സാധിച്ചില്ല. ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ ഇരുടീമുകളും മത്സരിച്ച് തന്നെ പാഴാക്കി. ഒടുവിൽ ഇഞ്ചുറി ടൈമിൽ വെറോണ താരത്തെ പിന്നിൽ നിന്നും വീഴ്ത്തിയതിന് വിങ്ബാക്ക് താരം അലക്സ് സാൻഡ്രോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഒരു പക്ഷെ സാൻഡ്രോ ആ ഒരു സൻസിബിൾ ഫൗൾ ചെയ്തില്ലായിരുന്നെങ്കിൽ മത്സരഫലം വേറൊന്ന് ആയേനെ. എന്തായാലും ഈയൊരു വിജയത്തോടെ ടേബിളിൽ 4ആം സ്ഥാനത്തേക്ക് കയറുവാൻ അലഗ്രിയുടെ ശിഷ്യൻമാർക്ക് കഴിഞ്ഞു. 14 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റാണ് അവരുടെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും വെറും 5 പോയിൻ്റ് മാത്രം കൈവശമുള്ള വെറോണ അവസാന സ്ഥാനത്താണ്.






































