Foot Ball ISL Top News

തുടരെ 6ആം പരാജയം; എ.ടി.കെയോട് പൊരുതിതോറ്റ് നോർത്ത് ഈസ്റ്റ്.!

November 10, 2022

author:

തുടരെ 6ആം പരാജയം; എ.ടി.കെയോട് പൊരുതിതോറ്റ് നോർത്ത് ഈസ്റ്റ്.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തിൻ്റെ അവസാന നിമിഷം വരെ സമനിലയിൽ നിന്ന മത്സരത്തെ സുഭാഷിഷ് ബോസിൻ്റെ ഗോളിലൂടെയാണ് എ.ടി.കെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് എ.ടി.കെ തന്നെയായിരുന്നു. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും ലിസ്റ്റൺ കൊളാക്കോയാണ് ആതിഥേയർക്കായി വലകുലുക്കിയത്. ഹ്യുഗോ ബൗമസ് ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതിന് ശേഷം വീണ്ടും ഗോൾ നേടുവാനുള്ള അവസരങ്ങൾ എ.ടി.കെയ്ക്ക് ലഭിച്ചെങ്കിലും നോർത്ത് ഈസ്റ്റിൻ്റെ മലയാളി ഗോൾകീപ്പർ മിർഷാദ് മികച്ച സേവുകളിലൂടെ സന്ദർശകരുടെ രക്ഷകനായി. അങ്ങനെ ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഉറച്ച് ഇറങ്ങിയ നോർത്ത് ഈസ്റ്റിന് അതിന് കഴിയും വിധമുള്ള അവസരങ്ങൾ മത്സരത്തിൽ ലഭിച്ചെങ്കിലും അതെല്ലാം അവർ പാഴാക്കി.

ഒടുവിൽ 81ആം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നും ഓസ്ട്രേലിയൻ താരം ആരോൺ ഇവൻസ് നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ മടക്കി. കോർണർ വന്നത് ഗസ്റ്റനകയുടെ നേർക്ക് ആയിരുന്നു. താരത്തിൻ്റെ ബാക്ക്ഫ്ലിപ്പ് ഹെഡ്ഡർ പാസിൽ നിന്നുമാണ് ഇവൻസ് നിലത്ത് വീണു കിടന്നുള്ള മറ്റൊരു ഹെഡ്ഡറിലൂടെ ഗോൾ നേടിയത്. അതോടെ മത്സരം ആവേശഭരിതമായി. തുടർന്ന് വിജയഗോൾ കണ്ടെത്തുവാൻ ഉള്ള നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിൽ സുബാഷിഷ് എ.ടി.കെക്കായി ലക്ഷ്യം കണ്ടു. പെട്രറ്റോസിൻ്റെ ക്രോസിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് സുബാഷിഷ് ആതിഥേയർക്കായി വിജയഗോൾ നേടിയത്. അതിന് ശേഷം സമനില പിടിക്കുവാനുള്ള സമയവും അവസരവും നോർത്ത് ഈസ്റ്റിന് ലഭിച്ചില്ല. അതോടെ മത്സരം 2-1 എന്ന സ്കോറിന് എ.ടി.കെ സ്വന്തമാക്കുകയായിരുന്നു. മിർഷാദിൻ്റെ മിന്നും സേവുകൾ ഇല്ലായിരുന്നെങ്കിൽ മിനിമം 4 ഗോളുകൾ എങ്കിലും എ.ടി.കെ നേടേണ്ടതായിരുന്നു. എന്തായാലും ഈയൊരു വിജയത്തോടെ 5 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി ബഗാൻ 2ആം സ്ഥാനത്തേക്ക് പ്രവേശിച്ചു. 6 മത്സരങ്ങൾ പൂർത്തിയാക്കിയ നോർത്ത്ഈസ്റ്റ് 6ഉം പരാജയപ്പെട്ടുകൊണ്ട് അവസാന സ്ഥാനത്താണ്. ഇതോടെ ഒരു സീസണിലെ ആദ്യ 6 മത്സരങ്ങളും പരാജയപ്പെട്ട ഏക ടീം എന്ന മോശം റെക്കോർഡും നോർത്ത് ഈസ്റ്റിൻ്റെ പേരിലായി. 6 മത്സരങ്ങളിൽ നിന്നും അവർക്ക് നേടാനായതോ കേവലം 2 ഗോളുകൾ മാത്രം.

Leave a comment