നോട്ടിംഗാമിന് മുന്നിൽ അടിതെറ്റി; ടോട്ടനാമും പുറത്ത്.!
കരബാവോ കപ്പിൽ നോട്ടിംഗാം ഫോറസ്റ്റിനോട് പരാജയപ്പെട്ട് ടോട്ടനം ടൂർണമെൻ്റിൽ നിന്നും പുറത്തായി. നോട്ടിങ്ങാമിൻ്റെ തട്ടകമായ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ സ്പർസിനെ തകർത്തുവിട്ടത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു 2 ഗോളുകളും പിറന്നത്. 50 ആം മിനിറ്റിൽ ബ്രസീലിയൻ താരം റെനാൻ ലോധിയും, 57ആം മിനിറ്റിൽ ഇംഗ്ലീഷ് താരം ജെസെ ലിംഗാർഡുമാണ് ആതിഥേയർക്കായി വലകുലുക്കിയത്. മികച്ച ടീമുമായി തന്നെ കളിച്ചിട്ടും ജയിക്കാൻ കഴിയാതിരുന്നത് സ്പർസിന് നിരാശയായി. 75ആം മിനിറ്റിൽ നോട്ടിങ്ങാമിൻ്റെ മിഡ്ഫീൾഡർ മംഗള രണ്ടാം മഞ്ഞകാർഡിലൂടെ റെഡ് കാർഡ് കണ്ടുപുറത്തു പോയതിനാൽ 10 പേരുമായാണ് അവർ കളി പൂർത്തിയാക്കിയത്. എന്നിരുന്നാലും സ്പർസിനെ തടുത്ത് നിർത്താൻ അവർക്ക് സാധിച്ചു. മത്സരത്തിൽ കൂടുതൽ ആക്രമിച്ചു കളിച്ചത് ഫോറസ്റ്റ് തന്നെയായിരുന്നു. ലഭിച്ച അവസരങ്ങൾ പാഴാക്കിയത് സ്പർസിന് തിരിച്ചടിയായി. എന്തായാലും ഈയൊരു തോൽവിയോടെ ചെൽസിയ്ക്കും, ആഴ്സനലിനും ഒപ്പം അൻ്റോണിയോ കോൻ്റെയും സംഘവും ടൂർണമെൻ്റിൽ നിന്നും പുറത്തായി.