European Football Foot Ball Top News

8 മിനിറ്റിനിടയിൽ 4 ഗോളുകൾ; ഒടുവിൽ ബയേണിന് വിജയം.!

November 5, 2022

author:

8 മിനിറ്റിനിടയിൽ 4 ഗോളുകൾ; ഒടുവിൽ ബയേണിന് വിജയം.!

ബുണ്ടെസ് ലിഗയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ വമ്പന്മാരായ ബയേൺ മ്യുണിക്കിന് വിജയം. ഹെർത്താ ബെല്ലറിനെ അവരുടെ മൈതാനത്തുവെച്ച് നടന്ന കളിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെഗൽസ്മാനും സംഘവും പരാജയപ്പെടുത്തിയത്. ബെർലിനിലെ ഒളിംപ്യാ സ്റ്റേഡിയോണിൽ നടന്ന മൽസരത്തിൽ ആദ്യ പകുതിയുടെ 17ആം മിനിറ്റിൽ തന്നെ ജർമൻ യുവതാരം ജമാൽ മുസിയാലയിലൂടെ സന്ദർശകരായ ബയേൺ ലീഡ് നേടി. സാദിയോ മാനെയാണ് ഈയൊരു ഗോളിന് വഴിതെളിച്ചത്. തുടർന്നാണ് ഞൊടിയിടയിൽ ഗോൾമഴ തന്നെ പെയ്തത്. 37ആം മിനിറ്റിൽ ചോപ്പോ മോട്ടിങ്ങിലൂടെ ബയേൺ ലീഡ് ഇരട്ടിയാക്കി. ബയേൺ മിഡ്ഫീൽഡർ ഗൊറെട്സ്ക എടുത്ത ഷോട്ട് ഹെർത്ത ഗോൾകീപ്പർ തടുത്തിട്ടെങ്കിലും മോട്ടിങ്ങ് പന്ത് വലയിലാക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ തന്നെ മോട്ടിങ്ങ് തൻ്റെ രണ്ടാം ഗോളും സ്വന്തമാക്കി. ജർമൻ താരം ഗ്‌നാബ്രിയുടെ ക്രോസ് ഹെർത്ത പ്രതിരോധം ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്തെത്തിയത് മോട്ടിങ്ങിൻ്റെ കാലുകളിലേക്ക് ആയിരുന്നു. താരം അനായാസം പന്ത് ഗോളാക്കി മാറ്റി. അതോടെ ബയേണിന് 3 ഗോളിൻ്റെ ലീഡ് ആയി. എന്നാൽ ആതിഥേയർ അങ്ങനെയങ്ങ് കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. 40ആം മിനിറ്റിൽ തന്നെ ലുകെബാക്കിയോയിലൂടെ ഹെർത്ത ഒരു ഗോൾ മടക്കി. റിച്ച്ടർ നൽകിയ ക്രോസിൽ നിന്നും ഒരു വോളിയിലൂടെയാണ് താരം ഗോൾ നേടിയത്.

തുടർന്ന് ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ലഭിച്ച പെനൽറ്റി ഗോൾ ആക്കിക്കൊണ്ട് ഡേവി സെൽക്കെ മത്സരം 3-2 എന്ന നിലയിലേക്ക് എത്തിച്ചു. ബോക്സിനുള്ളിൽ ബയേണിൻ്റെ ഫ്രഞ്ച് ഡിഫൻഡർ പവാർഡ് നടത്തിയ ഫൗളിനാണ് വാറിൻ്റെ സഹായത്തോടെ റഫറി പെനൽറ്റി വിധിച്ചത്. ഈയൊരു ഗോളൊടെ 8 മിനിറ്റിനിടയിൽ പിറന്നത് 4 ഗോളുകളാണ്. അതോടെ ആദ്യ പകുതിക്ക് അവസാനമായി. രണ്ടാം പകുതിയിൽ ഒപ്പമെത്താൻ ഹെർത്തയും ലീഡ് കൂട്ടാൻ ബയേണും കഴിയാവുന്നത്ര പരിശ്രെമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ 3-2 എന്ന നിലയിൽ തന്നെ മത്സരം അവസാനിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറുവാൻ നെഗൽസ്മാൻ്റെ ബയേണിന് കഴിഞ്ഞു. അത്രയും മത്സരങ്ങളിൽ നിന്നും കേവലം 11 പോയിൻ്റ് മാത്രമുള്ള ഹെർത്ത ബെല്ലറിൻ 14ആം സ്ഥാനത്താണ്.

Leave a comment