EPL 2022 European Football Foot Ball Top News

ഹാലണ്ട് ഗോളടി തുടരുന്നു. സിറ്റിക്ക് മിന്നും വിജയം.!

October 22, 2022

author:

ഹാലണ്ട് ഗോളടി തുടരുന്നു. സിറ്റിക്ക് മിന്നും വിജയം.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പെപ്പും പിള്ളേരും തകർത്തുവിട്ടത്. മത്സരത്തിൽ സൂപ്പർ താരം എർലിങ് ഹാലണ്ട് ഇരട്ടഗോൾ നേടിയപ്പോൾ ശേഷിച്ച ഗോൾ നേടിയത് കെവിൻ ഡിബ്രുയ്നാണ്. ബ്രൈറ്റണിൻ്റെ ആശ്വാസഗോൾ നേടിയത് ട്രോസ്സാർഡ് ആണ്. മത്സരത്തിൻ്റെ 22ആം മിനിറ്റിലാണ് സിറ്റിയുടെ ആദ്യഗോൾ പിറക്കുന്നത്. ഗോൾകീപ്പർ എഡേർസൺ ബോക്സിൽ നിന്നും തൊടുത്ത് വിട്ട കിക്ക് പറന്നിറങ്ങിയത് എതിർ ഗോൾമുഖത്ത്. പന്തിനെ ലക്ഷ്യമാക്കി ഓടിക്കയറിയ ഹാലണ്ട് ഗോളിയെ വെട്ടിയൊഴിഞ്ഞ് തടയാൻ വന്ന ബ്രൈറ്റൺ പ്രതിരോധ താരത്തെയും മറികടന്ന് തുറന്ന പോസ്റ്റിലേക്ക് ഗോളടിക്കുകയായിരുന്നു. ഹാലണ്ടിനെ ഇടിച്ചിടാൻ വന്ന ബ്രൈറ്റൺ പ്രതിരോധതാരം ഹാലണ്ടിൻ്റെ ഇടിയേറ്റ് നിലത്ത് വീണുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. അതോടെ സ്കോർ 1-0 എന്ന നിലയിലായി. പിന്നീട് ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ സിറ്റിക്കനുകൂലമായി പെനൽറ്റി ലഭിച്ചു. മധ്യനിരതാരമായ ബെർണാഡോ സിൽവയെ ബ്രൈറ്റൺ താരം ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി വാറിൻ്റെ സഹായത്തോടെ പെനൽറ്റി വിധിച്ചത്. കിക്ക് എടുത്ത ഹാലണ്ട് അനായാസം പന്ത് വലയിലെത്തിച്ചു. അതോടെ ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ ട്രോസ്സാർഡിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കി. ബോക്സിൻ്റെ എഡ്ജിൽ നിന്നും താരം തൊടുത്ത ഷോട്ട് തടുക്കുവാൻ എഡേർസണ് സാധിച്ചില്ല. എന്നാൽ ഒരു ഗോൾ കൂടി നേടി മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന ബ്രൈറ്റണിൻ്റെ മോഹങ്ങൾക്ക് വിള്ളൽ വീഴ്ത്തിക്കൊണ്ട് 75ആം മിനിറ്റിൽ ഡിബ്രുയ്ൻ സിറ്റിയുടെ സ്കോർ 3 ആക്കി മാറ്റി. ബെർണാഡോ സിൽവയുടെ പാസ്സ് സ്വീകരിച്ച ഡിബ്രുയ്ൻ ബോക്സിന് വെളിയിൽ നിന്നും ഉത്തിർത്ത തകർപ്പൻ ഷോട്ട് ബ്രൈറ്റൺ ഗോൾകീപ്പറുടെ മുഴുനീള ഡൈവ് കൊണ്ടും സേവ് ചെയ്യുവാനായില്ല. പന്ത് പോസ്റ്റിൻ്റെ ഇടത് മൂലയിലേക്ക് പറന്നിറങ്ങി. അതിന് ശേഷം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകൾ ഒന്നുംതന്നെ പിറന്നില്ല. അതോടെ മത്സരം 3-1 എന്ന സ്കോറിന് സിറ്റി സ്വന്തമാക്കി.

11 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റി 26 പോയിൻ്റുമായി ടേബിളിൽ 2ആം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്നും 15 പോയിൻ്റ് നേടിയ ബ്രൈറ്റൺ 8 ആം സ്ഥാനത്താണ്.

Leave a comment