Foot Ball ISL Top News

നോർത്ത് ഈസ്റ്റിനെ അവരുടെ മടയിൽ കേറിയടിച്ച് ഹൈദരാബാദ്.!

October 13, 2022

author:

നോർത്ത് ഈസ്റ്റിനെ അവരുടെ മടയിൽ കേറിയടിച്ച് ഹൈദരാബാദ്.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഹൈദരാബാദിന് മിന്നും വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മനോലോ മാർക്കസും സംഘവും വിജയിച്ചുകയറിയത്. ഇതോടെ 2 മത്സരങ്ങളിൽ നിന്നും ഓരോ സമനിലയും വിജയവുമായി ടേബിളിൽ ബ്ലാസ്റ്റേഴ്സിനെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയരുവാനും ഹൈദരാബാദിനായി. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബർത്തലോമിയോ ഒഗ്ബെച്ചെയും, ഹോളിചരൺ നർസാരിയും, ബോർഹെ ഹെരേരയും ഹൈദരാബാദിനായി ഗോളുകൾ നേടി. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ഹോളിചരൺ നർസാരിയാണ് കളിയിലെ താരം.

13ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. മൊഹമ്മദ് യാസിറിൻ്റെ പാസിൽ നിന്നും ഒഗ്ബെച്ചെയാണ് ഹൈദരാബാദിനായി വലകുലുക്കിയത്. ഇതല്ലാതെ എടുത്തുപറയാൻ ഒന്നും തന്നെ ആദ്യപകുതിയിൽ ഉണ്ടായിരുന്നില്ല. അങ്ങനെ 1-0 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു.

ശേഷം രണ്ടാം പകുതിയുടെ 53 ആം മിനിറ്റിൽ ഒഗ്ബെച്ചെയെ ബോക്സിൽ വീഴ്തിയതിന് ഹൈദരാബാദിന് അനുകൂലമായി പെനൽറ്റി. കിക്ക് എടുത്തതും ഒഗ്ബെച്ചെ തന്നെയായിരുന്നു. എന്നാൽ ഒരു മികച്ച സേവിലൂടെ അരിന്തം നോർത്ത് ഈസ്റ്റിനെ രക്ഷിച്ചു. പിന്നീട് നർസാരിയിലൂടെ ഹൈദരാബാദ് ലീഡ് ഇരട്ടിപ്പിച്ചു. അതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന നോർത്ത് ഈസ്റ്റിൻ്റെ മോഹങ്ങൾക്ക് കരിനിഴൽ വീണു. വെറും 10 മിനിറ്റിൻ്റെ വ്യത്യാസത്തിൽ ഹൈദരാബാദ് 3ആം ഗോളും സ്വന്തമാക്കി. ഇത്തവണ സ്കോർ ചെയ്തത് ബോർഹയായിരുന്നു. നർസാരിയുടെ പാസ് സ്വീകരിച്ച് ഒരു ഹാഫ് വോളിയിലൂടെ താരം പന്ത് വലയിലാക്കി. അതോടെ ഗോൾ പട്ടിക പൂർത്തിയായി. 87ആം മിനിറ്റിൽ ഒരു മികച്ച അവസരം ഒഗ്ബെച്ചെയ്ക്ക് ലഭിച്ചെങ്കിലും താരത്തിൻ്റെ കരുത്തുറ്റ ഷോട്ട് ക്രോസ്സ്ബാറിൽ തട്ടി മടങ്ങി. ചുരുക്കി പറഞ്ഞാൽ ഒരു ഹാട്രിക് തന്നെ ഇന്നത്തെ മത്സരത്തിൽ ഒഗ്ബെച്ചെയ്ക്ക് നേടാൻ കഴിയുമായിരുന്നു. മത്സരത്തിൻ്റെ അവസാന മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരം റോചർസെലയുടെ ഗോൾശ്രമവും ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. ഇതിനു പുറകെ മത്സരത്തിൻ്റെ ഫൈനൽ വിസിൽ മുഴങ്ങി. ഇതോടെ ഹൈദരാബാദ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് പ്രവേശിച്ചു. കളിച്ച 2 മത്സരങ്ങളും പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്.

Leave a comment