Foot Ball ISL Top News

ഇവാൻ്റെ തോളിലേറി ബ്ലാസ്റ്റേഴ്സ്; മൺ മറഞ്ഞുപോയ മകളെ ഓർത്ത് ലൂണ.!

October 7, 2022

author:

ഇവാൻ്റെ തോളിലേറി ബ്ലാസ്റ്റേഴ്സ്; മൺ മറഞ്ഞുപോയ മകളെ ഓർത്ത് ലൂണ.!

ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആവേശോജ്വല വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ തകർത്ത് വിട്ടത്. മത്സരത്തിൽ അഡ്രിയാൻ ലൂണയും ഇവാൻ കലിയുഷ്ണിയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. ഈസ്റ്റ് ബംഗാളിനായി അലക്സ് ലിമ സ്കോർ ചെയ്തു. ഇതോടെ സീസൺ വിജയത്തോടെ ആരംഭിക്കുവാൻ ബ്ലാസ്റ്റേഴ്സിനായി. ഒപ്പം വിലപ്പെട്ട 3 പോയിൻ്റ് നേടുവാനും. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. മത്സരത്തിൻ്റെ 72ആം മിനിറ്റിൽ ഖാബ്രയുടെ ലോങ് പാസിൽ നിന്നും അഡ്രിയാൻ ലൂണയാണ് ഐഎസ്എൽ 9ആം സീസണിലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. ഈയൊരു നിമിഷം മഞ്ഞക്കടലാൽ നിറഞ്ഞ സ്റ്റേഡിയം ആർത്തിരമ്പുന്ന കാഴ്ചയാണ് കാണുവാൻ കഴിഞ്ഞത്. ഗോൾ നേടിയ ശേഷം അകാലത്തിൽ മൺമറഞ്ഞു പോയ തൻ്റെ മകളെ ഓർത്താണ് ലൂണ ആഹ്ലാദം പങ്കിട്ടത്. തൻ്റെ കയ്യിൽ ടാറ്റൂ ചെയ്ത മകളുടെ ചിത്രത്തിൽ തൊട്ട് ആകാശത്തേക്ക് വിരൽ ചൂണ്ടികൊണ്ട് താരം ഗോൾ ആഘോഷിച്ചു. ശേഷം ഗ്രൗണ്ടിൽ തല വെച്ച് കണ്ണീർ പൊലിയിച്ച ലൂണയെ ആഹ്ലാദ നിമിഷത്തിൽ പോലും ഒരല്പം സങ്കടത്തോടെയാണ് ആരാധകർ നോക്കി കണ്ടത്.

അങ്ങനെ 1-0 എന്ന സ്കോറിൽ മത്സരം മുമ്പോട്ട് പോകവേ 80ആം മിനിറ്റിൽ ഗിയാന്നുവിനെ പിൻവലിച്ചുകൊണ്ട് വുകോമനോവിച്ച് ഇവാൻ കലിയുഷ്ണിയെ കളത്തിലിറക്കി. വെറും 2 മിനിറ്റുകൾ മാത്രമേ വേണ്ടിവന്നുള്ളൂ അവന് താൻ ആരാണെന്ന് കാണികൾക്ക് മുമ്പിൽ തെളിയിക്കാൻ. 82ആം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്നും പന്തുമായി ഓടിക്കയറിയ ഇവാൻ 4 ഈസ്റ്റ് ബംഗാൾ താരങ്ങളെ കാഴ്ചക്കാരാക്കിക്കൊണ്ട് പോസ്റ്റിൻ്റെ വലത് മൂലയിലേക്ക് നിറയൊഴിച്ചു. സ്കോർ 2-0. ഒരു ഗംഭീര സോളോ ഗോൾ എന്ന് തന്നെ പറയാം. ശേഷം 88 ആം മിനിറ്റിൽ കോർണറിൽ നിന്നും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തട്ടിത്തെറിപ്പിച്ച പന്ത് മികച്ചൊരു ഹാഫ് വൊളിയിലൂടെ അലക്സ് ലിമ വലയിലാക്കി. എന്നാൽ അതിനുള്ള മറുപടി അധികം വൈകിപ്പിച്ചില്ല. തൊട്ടടുത്ത മിനിറ്റിൽ തന്നെ സ്റ്റേഡിയത്തെ കീഴ്മേൽ മറിച്ച ഗോൾ പിറന്നു. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി 89ആം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ലൂണ എടുക്കുന്നു. കിക്ക് ഈസ്റ്റ് ബംഗാൾ പ്രതിരോധം ബോക്സിന് വെളിയിലേക്ക് ക്ലിയർ ചെയ്യുന്നു. എന്നാൽ പന്ത് എത്തിയത് ഇവാൻ്റെ കാലുകളിലേക്ക്. ഒരു തകർപ്പൻ ഇടംകാൽ വോളിയിലൂടെ പന്ത് വലയിൽ. ആദ്യം നേടിയ ഗോൾ വലംകാലിനാണെങ്കിൽ ഇത്തവണ ഇടംകാൽ. ഒരു ഇടിമിന്നൽ ഷോട്ട് എന്ന് തന്നെ വിശേഷിപ്പിക്കാം. അത്രയും നേരം നിരവധി അവസരങ്ങൾ തുറന്നെടുത്ത ബ്ലാസ്റ്റേഴ്സിനെ തൻ്റെ സാമർത്ഥ്യം കൊണ്ട് തടുത്ത് നിർത്തിയ ഈസ്റ്റ് ബംഗാൾ ഗോളി കമൽജിത് ഇവാൻ്റെ മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. സ്കോർ 3-1. ഇതിലും മികച്ചൊരു അരങ്ങേറ്റം ഐഎസ്എല്ലിൽ ഒരു വിദേശ താരത്തിനും ലഭിച്ചിട്ടുണ്ടാവില്ല. അങ്ങനെ ആധികാരികമായി തന്നെ സീസണിലെ തങ്ങളുടെ ആദ്യ മത്സരം ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിരിക്കുന്നു. ഒപ്പം വർഷങ്ങൾക്ക് ശേഷം കളി കാണുവാൻ എത്തിയ കാണികളെ ആവേശ തിമിർപ്പിൽ ആഴ്ത്തുവാനും വുകോമനോവിച്ചിനും സംഘത്തിനും കഴിഞ്ഞു.

വരുന്ന ഒക്ടോബർ 16 ഞായറാഴ്ച എടികെ മോഹൻ ബെഗാനുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. ഈയൊരു മത്സരത്തിനായി ആകാംഷയോടെ നമുക്ക് കാത്തിരിക്കാം.

Leave a comment