Foot Ball ISL Top News

പലതവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈക്കലാക്കാൻ മഞ്ഞപ്പട ഇറങ്ങുന്നു.!

October 7, 2022

author:

പലതവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈക്കലാക്കാൻ മഞ്ഞപ്പട ഇറങ്ങുന്നു.!

ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ പറയാറ്… ആ മൂന്നിലും പിഴച്ചാലോ..? പിന്നെ പിഴക്കാത്തിടത്തോളം കാലം കാത്തിരിക്കാം; അല്ലാതെന്ത്.!

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒമ്പതാമത് സീസണിന് ഇന്ന് കിക്ക്ഓഫ് ആകുകയാണ്. ഉദ്ഘാടന മത്സരത്തിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് ഈയൊരു മത്സരം ആരംഭിക്കുക. ഒരുപാട് നാളത്തെ കാത്തിരിപ്പിന് അറുതി വരുത്തുവാൻ ഉള്ള അവസരമാണ് വീണ്ടും നമ്മെ തേടിയെത്തിയിരിക്കുന്നത്. 3 തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു പോയ കിരീടം ഇത്തവണ എന്ത് വില കൊടുത്തും കൈക്കലാക്കണം. ഏതൊരു ബ്ലാസ്റ്റേഴ്സ് ആരാധകനും ഇതുമാത്രമായിരിക്കും പറയാനുണ്ടാവുക.

വാസ്‌ക്കെസ് പോയി.. ഡയസ് പോയി.. എന്തൊക്കെയായാലും അതിനുള്ള റിപ്ലേയ്സ്മെൻ്റ് നമ്മൾ നടത്തിക്കഴിഞ്ഞു. പോയവർ പോകട്ടെ. ഇത്തവണ നമുക്ക് കരുത്ത് കൂട്ടുവാൻ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഗ്യാലറി ഉണ്ട്. പിന്നെന്ത് വേണം. ആർത്തിരമ്പുന്ന മഞ്ഞ തിരമാലകൾക്ക് മുമ്പിൽ നെഞ്ച് വിരിച്ചുനിന്ന് നമ്മുടെ കൊമ്പന്മാർ ഇറങ്ങുമ്പോൾ എതിരാളികൾ ഒന്ന് ഭയക്കും. ഇതുപോലെ ആരാധക പിന്തുണയുള്ളൊരു ടീമിനെ അവരുടെ മടയിൽ പോയി അടിക്കുവാൻ എതിരാളികൾക്ക് കുറച്ചൊന്നും ചങ്കൂറ്റം മതിയാവില്ല. ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ വരുന്ന നിമിഷം സ്റ്റേഡിയം പൊട്ടിത്തെറിക്കുന്നൊരു കാഴ്ചയുണ്ട്. അതിനായി നമുക്ക് കാത്തിരിക്കാം.

ഒന്നാം സീസണിലും മൂന്നാം സീസണിലും നമ്മൾ എ.ടി.കെ യോട് ഫൈനലിൽ പരാജയപ്പെട്ടു. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനോടും. ഇനിയും ഈ നിർഭാഗ്യം നമ്മെ പിന്തുടരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഗോൾവല കാക്കുവാൻ ഗിൽ ഉണ്ട്. പ്രതിരോധത്തിൽ നമ്മുടെ ലെസ്കോവിച്ചും, ഹോർമിപാമും, ഖാബ്രയും, ജെസ്സലും ഉള്ളപ്പോൾ ഭയപ്പെടേണ്ടതില്ല. അതോടൊപ്പം വിക്ടർ മോങ്കിലും നിഷുവുമോക്കെയുണ്ട്. മധ്യനിര നയിക്കാൻ സാക്ഷാൽ ലൂണ. അതിന് കരുത്ത് കൂട്ടുവാൻ ഇവാൻ കലിയുഷ്‌നിയും. ഒപ്പം സഹലും, ജീക്സണും, പൂട്ടിയയും, രാഹുൽ കെപിയും. മുന്നേറ്റ നിരയിൽ ആവട്ടെ… അപ്പോസ്തൊലാസ് ഗിയാന്നുവും, ദിമിത്രി ഡയമൻ്റാക്കോസും… ഒന്നും പ്രതീക്ഷിച്ചല്ല കഴിഞ്ഞ സീസൺ നമ്മൾ ആരംഭിച്ചത്. ഒടുവിൽ ഫൈനൽ വരെയെത്തി. അതേ പ്രതീക്ഷ നിലനിർത്തുവാൻ ഉള്ള കരുത്ത് ഈ ടീമിനും ഉണ്ട്. എല്ലാത്തിലുമുപരിയായി മുന്നിൽ നിന്ന് നയിക്കുവാൻ നമ്മുടെ ഇവാൻ വുക്കോമനോവിച്ച് ആശാനും കൂടിയുള്ളപ്പോൾ നമ്മൾ എന്തിന് ഭയക്കണം. ഇന്ന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി മികച്ചൊരു തുടക്കം കണ്ടെത്തുവാൻ നമ്മുടെ മഞ്ഞപ്പടയ്ക്കാവട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment