ഇൻ്റർനാഷണൽ ബ്രേക്കിന് ശേഷം നാളെ മുതൽ വീണ്ടും ലീഗ് ആവേശം.!
ഇൻ്റർനാഷണൽ ബ്രേക്കിന് ശേഷം നാളെ മുതൽ ടോപ് 5 ലീഗുകൾ പുന:രാരംഭിക്കുകയാണ്. ഇനി ലോകകപ്പിന് മുമ്പ് മാത്രമായിരിക്കും ലീഗിന് ഇടവേള ഉണ്ടാകുക. ആഴ്സനൽ, ലിവർപൂൾ, ടോട്ടനം, ചെൽസി, ബാർസിലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ഇൻ്റർ മിലാൻ, എസി മിലാൻ, ബയേൺ മ്യുണിക്ക്, ബൊറൂസിയ ഡോർട്മുണ്ട് തുടങ്ങിയ വമ്പന്മാർ എല്ലാരും തന്നെ നാളെ കളത്തിൽ ഇറങ്ങുന്നുണ്ട്.
പ്രീമിയർ ലീഗിലെ ആഴ്സനലും ടോട്ടനവും തമ്മിലുള്ള ആവേശ പോരാട്ടത്തോടെയാണ് മാച്ച്ഡേ 9 ന് ആരംഭം കുറിക്കുക. ആഴ്സനലിൻ്റെ മൈതാനത്ത് വെച്ച് വൈകിട്ട് 5 മണിക്കാണ് ഈയൊരു മത്സരം അരങ്ങേറുക. പോയിൻ്റ് ടേബിളിലെ തങ്ങളുടെ ഒന്നാംസ്ഥാനം നിലനിർത്തുവാൻ ഉറപ്പിച്ചാകും അർട്ടേറ്റയും സംഘവും നാളെ കളത്തിലിറങ്ങുക. വൈകിട്ട് 7.30 ന് ആൻഫീൽഡിൽ വെച്ച് ലിവർപൂളും ബ്രൈറ്റണും തമ്മിൽ ഏറ്റുമുട്ടും. ഇതേസമയം ചെൽസിക്ക് എവേ മത്സരത്തിൽ ക്രിസ്റ്റൽപാലസാണ് എതിരാളികൾ. ഇത്രയുമാണ് പ്രീമിയർ ലീഗിൽ നാളെ നടക്കുന്ന പ്രധാന മത്സരങ്ങൾ. മറ്റന്നാൾ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടക്കുന്ന ഡെർബിക്കായാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്.
ലാ ലിഗായിൽ നാളെ നടക്കാനിരിക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡും സെവിയ്യയും തമ്മിലുള്ള ഗ്ലാമർ പോരാട്ടമാണ്. സെവിയ്യയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക. നാളെ അർദ്ധരാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ ബാർസലോണ മല്ലോർക്കയെ നേരിടും. റയൽ മാഡ്രിഡിന് ഒസാസുനയുമായി ഞായറാഴ്ചയാണ് മത്സരം.
സീരി എയിൽ ഇൻ്റർ മിലാനും റോമയും തമ്മിൽ സാൻ സീറോയിൽ വെച്ച് കൊമ്പ് കോർക്കും. രാത്രി 9.30 നാണ് ഈയൊരു മത്സരം ആരംഭിക്കുക. അർദ്ധരാത്രി 12.15 ന് നടക്കുന്ന മത്സരത്തിൽ എസി മിലാൻ എമ്പോളിയെ നേരിടും. നപോളിക്കും നാളെ മത്സരമുണ്ട്. യുവെൻ്റസിന് ഞായറാഴ്ച അർധരാത്രിയാണ് മത്സരം. എതിരാളികൾ ബൊളോഗ്ന.
ബുണ്ടസ് ലീഗായിൽ ബയേണും ഡോർട്മുണ്ടും നാളെയിറങ്ങും. വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ ബൊറൂസിയ കോണിനെ നേരിടും. ബയേണിന് എതിരാളികൾ ലെവർകൂസനാണ്. പുലർച്ചെ 12.30 നാണ് ഈയൊരു മത്സരം അരങ്ങേറുക. ലീഗിൽ അവസാനം നടന്ന 3 മത്സരത്തിൽ 2 സമനിലയും ഒരു തോൽവിയുമാണ് ബയേണിൻ്റെ സമ്പാദ്യം. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും നെഗൽസ്മാനും സംഘവും ആഗ്രഹിക്കുന്നില്ല.
ലീഗ് 1 ൽ നാളെ എടുത്ത് പറയാൻ ഉള്ളത് മാർസെയിയുടെ മത്സരമാണ്. അർദ്ധരാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ അവർ ആങ്കേർസിനെ നേരിടും. വമ്പന്മാരായ പിഎസ്ജിയ്ക്ക് നീസുമായി ഞായറാഴ്ചയാണ് മത്സരം.
ഇത്രയുമാണ് യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ നാളെ നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട മത്സരങ്ങൾ. എന്തായാലും നമുക്ക് ആകാംഷയോടെ കാത്തിരുന്നുകാണാം.