EPL 2022 European Football Foot Ball Top News

ആരാധകരെ ശാന്തരാകുവിൻ..! പഴയ പ്രതാപത്തിലേക്ക് യുണൈറ്റഡ് തിരിച്ചുവരുന്നു.

September 5, 2022

author:

ആരാധകരെ ശാന്തരാകുവിൻ..! പഴയ പ്രതാപത്തിലേക്ക് യുണൈറ്റഡ് തിരിച്ചുവരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിൻ്റെ ലക്ഷണങ്ങളാണ് നമുക്ക് കാണുവാൻ കഴിയുന്നത്. പ്രീമിയർലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും അവർ തോൽവി ഏറ്റുവാങ്ങിയപ്പോൾ എല്ലാവരും ഒന്ന് കരുതിയിട്ടുണ്ടാവും.., ഇതിന് ഒരു മാറ്റവും വന്നിട്ടില്ലല്ലോ എന്ന്. കാരണം എറിക് ടെൻഹാഗിൻ്റെ വരവോടെ അത്രത്തോളം പ്രതീക്ഷിച്ചതാണ് ആരാധകർ. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും പ്രതീക്ഷകൾക്കുള്ള ഫലമൊന്നും കാണുവാൻ കഴിഞ്ഞില്ല. പക്ഷേ അവിടെ നിന്നാണ് കഥ മാറിമറിയുവാൻ തുടങ്ങിയത്. ഒരു മികച്ച വിന്നിങ് ഇലവനെ കണ്ടെത്തുവാൻ ടെൻഹാഗിനു കഴിഞ്ഞിരിക്കുന്നു. ഒത്തിണക്കവും, ഫൈറ്റിങ് സ്പിരിറ്റും എല്ലാം നഷ്ടപ്പെട്ട ആ യുണൈറ്റഡിൽ നിന്നും വീറും വാശിയുമോടെ വീഴും വരെ പൊരുതുന്ന ഒരു യുണൈറ്റഡിലേക്ക് ടീമിനെയെത്തിക്കാൻ ടെൻഹാഗിനു കഴിഞ്ഞിരിക്കുന്നു. അതിൻ്റെ ഉത്തമ ഉദാഹരണമാണ് തുടർച്ചയായ 4 വിജയങ്ങൾ. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ടേബിൾ ടോപ്പേഴ്സ് ആയിരുന്ന ആഴ്സനലിനെയും കരുത്തരായ ലിവർപൂളിനെയും തകർത്തുവിട്ടതാണ്.

റൊണാൾഡോ എന്ന ഇതിഹാസതാരത്തെ ബെഞ്ചിൽ ഇരുത്തിയാണ് ചെകുത്താൻമാരുടെ കുതിപ്പ് എന്നത് ഇവിടെ എടുത്ത് പറയേണ്ടതാണ്. കാരണം അത് സന്തോഷത്തിന് ഇടയിൽപോലും ആരാധകരെ ചില്ലറയൊന്നുമല്ല ചൊടിപ്പിക്കുന്നത്. എന്തായാലും റൊണാൾഡോ തിരിച്ച് ആദ്യ ഇലവനിൽ എത്തുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം. അതോടൊപ്പം ഈ സമ്മറിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടീമിലേക്ക് എത്തിയ താരമാണ് കാസെമിറോ. പക്ഷേ കാസിക്കും ഇതുവരെ ആദ്യ ഇലവനിലേക്ക് സ്ഥാനം ലഭിച്ചിട്ടില്ല. വരും മത്സരങ്ങളിൽ അതിന് മാറ്റമുണ്ടായേക്കാം. എന്തായാലും ഇവിടെ എടുത്ത് പറയേണ്ടത് അരങ്ങേറ്റത്തിൽ തന്നെ വരവറിയിച്ച ആൻ്റണിയുടെ കാര്യമാണ്. ഇന്നലെ ആഴ്സനലിനെതിരെ ടീമിൻ്റെയും അതോടൊപ്പം പ്രീമിയർലീഗിലെയും തൻ്റെ ആദ്യ ഗോൾ സ്വന്തമാക്കുവാൻ താരത്തിനായി. വലിയ പ്രതീക്ഷകളാണ് ഇതോടെ ആരാധകർക്ക് കൈവന്നിരിക്കുന്നത്. തുടർച്ചയായ 4 വിജയങ്ങളോടെ ടേബിളിൽ അഞ്ചാംസ്ഥാനത്തേക്ക് ഉയരുവാനും ടെൻഹാഗിനും സംഘത്തിനുമായി.

മുന്നേറ്റനിരയിൽ ഇതുവരെ കാണാതിരുന്ന ഒത്തിണക്കം., പ്രതിരോധനിരയിൽ ഒരുത്തനെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന മനോഭാവം., മധ്യനിരയിൽ മുമ്പ് എപ്പോഴോ ചോർന്നുപോയ ഫൈറ്റിംഗ് സ്പിരിറ്റ് തിരിച്ചുകിട്ടിയ ആവേശം., ഗോൾവലക്ക് മുന്നിൽ ഡിഗിയയുടെ അഴിഞ്ഞാട്ടം. ഏതവനും വന്ന് കൊട്ടിയിട്ട് പോകാവുന്ന യുണൈറ്റഡിൽ നിന്നും ആരായാലും ഒന്ന് ഭയന്ന് പോകുന്ന യുണൈറ്റഡിലേക്ക് ഉള്ള വരവ്. അക്ഷരാർത്ഥത്തിൽ ഇതിൻ്റെ മുഴുവൻ ക്രെഡിറ്റും അർഹിക്കുന്നത് ടെൻഹാഗ് തന്നെയാണ്. ഇതെല്ലാം കാണുമ്പോൾ ചാമ്പ്യൻസ് ലീഗ് കളിക്കുവാൻ കൂടി തങ്ങൾക്ക് യോഗ്യത ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഏതൊരു ആരാധകനും ഒന്ന് ആശിച്ചുപോകും. എന്തായാലും ഇപ്പൊൾ യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെ നേരിടാൻ ഒരുങ്ങുകയാണ് യുണൈറ്റഡ്. നിലവിലെ ഫോം പരിഗണിച്ച് നോക്കുകയാണെങ്കിൽ ചെകുത്താൻമാർക്ക് അനായാസം മറികടക്കാവുന്ന എതിരാളികൾ. ശേഷം പ്രീമിയർ ലീഗിൽ സെപ്റ്റംബർ 11 ന് ക്രിസ്റ്റൽ പാലസിനെയാണ് യുണൈറ്റഡ് നേരിടുക. എന്തായാലും ഈയൊരു തേരോട്ടം തുടരുവാൻ ചുവന്നചെകുത്താൻമാർക്ക് കഴിയുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave a comment

Your email address will not be published. Required fields are marked *