Foot Ball ISL Top News

ഐഎസ്എല്ലിന് ഒക്ടോബര്‍ ഏഴിന് തുടക്കമാവും; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ

September 1, 2022

author:

ഐഎസ്എല്ലിന് ഒക്ടോബര്‍ ഏഴിന് തുടക്കമാവും; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണ് ഒക്ടോബര്‍ ഏഴിന് തുടക്കമാവും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനെ നേരിടും. നേരത്തെ, ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളിയായി എടികെ മോഹന്‍ ബഗാനെയായിരുന്നു തീരുമാനിച്ചിരുന്നത്.

പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മറ്റ് പ്രഫഷണല്‍ ലീഗുകള്‍ പോലെ ഇത്തവണ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ സീസണുകളിലുള്ളപോലെ ദിവസേനയുള്ള മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല.

ഏപ്രില്‍ മാസത്തോടെ ഐഎസ്എല്‍ അവസാനിക്കും. പിന്നാലെ സൂപ്പര്‍ കപ്പ് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലീഗ് മത്സരങ്ങള്‍ മാത്രം അഞ്ചുമാസത്തോളമുണ്ടാകും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വീണ്ടും ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

ഇത്തവണ പ്ലേ ഓഫ് മത്സരങ്ങളുടെ ഫോര്‍മാറ്റിലും വ്യത്യാസമുണ്ടാകും. ലീഗ് മത്സരങ്ങളില്‍ ഏറ്റവുമധികം പോയന്റ് നേടുന്ന ആദ്യ രണ്ട് ടീമുകള്‍ നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിക്കും. പിന്നീടുള്ള രണ്ട് സ്ഥാനക്കാരെ തീരുമാനിക്കാന്‍ പ്രത്യേക പ്ലേ ഓഫ് സജ്ജീകരിക്കും. 2014ല്‍ ഐഎസ്എല്‍ തുടങ്ങുമ്പോള്‍ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവര്‍ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്.

Leave a comment