EPL 2022 European Football Foot Ball Top News

ചെൽസിക്ക് ഇതെന്ത് പറ്റി..? അവസാന 3 മത്സരങ്ങളിൽ രണ്ടിലും തോൽവി.!

August 31, 2022

author:

ചെൽസിക്ക് ഇതെന്ത് പറ്റി..? അവസാന 3 മത്സരങ്ങളിൽ രണ്ടിലും തോൽവി.!

പ്രീമിയർ ലീഗിലെ കരുത്തരായ ടീമുകളിൽ ഒന്നാണ് ചെൽസി. എന്നാൽ അവരുടെ നിലവിലെ പോക്ക് അവതാളത്തിലാണ്. ഇതുവരെ ലീഗിൽ 5 മത്സരങ്ങൾ പൂർത്തിയാക്കിയ ടുഷേലും സംഘവും 7 പോയിൻ്റുമായി എട്ടാം സ്ഥാനത്താണ്. ഇതിൽ 2 വിജയങ്ങളും ഒരു സമനിലയും 2 തോൽവികളും ഉൾപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ അവസ്ഥയിലേക്ക് ആണോ ചെൽസിയും നടന്നു നീങ്ങുന്നത് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സതാംപ്ടണാണ് ചെൽസിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. അവസാന 3 മത്സരങ്ങളിൽ ചെൽസി നേരിടുന്ന രണ്ടാമത്തെ തോൽവിയാണിത്. റീസ് ജയിംസ്, എംഗാളോ കാൻ്റെ എന്നിവരുടെ അസാന്നിധ്യം ചെൽസിയുടെ മധ്യനിരയിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ സതാംപ്ടണിന് മധ്യനിരയിൽ ഒരു കുറച്ച് മേധാവിത്വം പ്രകടമായിരുന്നു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് നോക്കിയാൽ ഈ സീസണിൽ ചെൽസി പ്രതീക്ഷ വെക്കുവാൻ കഴിയാത്തൊരു പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

ഒരു നമ്പർ 9 സ്ട്രൈക്കർ ഇല്ലാത്തതാണ് ചെൽസിയെ അലട്ടുന്ന പ്രധാന പ്രശ്നമെന്നാണ് ഒരു കാഴ്ചക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ചെൽസിയുടെ മുന്നേറ്റ നിരയിൽ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത് സ്റ്റെർലിങും ഹവേർട്സും ആണ്. ഇവർ രണ്ടു പേരും വിങ്ങേഴ്സ് ആയത് കൊണ്ട് തന്നെ ഒരു നമ്പർ 9 സ്ട്രൈക്കറുടെ അഭാവം അവരുടെ കളിയിൽ പ്രകടമാണ്. കഴിഞ്ഞ സീസണിൽ ഒരുപാട് പ്രതീക്ഷകളോടെ അവർ ടീമിലെത്തിച്ച താരമാണ് ലുക്കാകു. എന്നാൽ ടുഷേലുമായി ചേർന്ന് പോകാൻ കഴിയാതെ വന്നതോടെ ഈ സമ്മറിൽ ലുക്കാക്കു ഇൻ്റെറിലേക്ക് തന്നെ പോയത് ചെൽസിക്ക് തിരിച്ചടിയായി. കൂടാതെ ടിമോ വെർണറും ലീപ്സിഗിലേക്ക് തന്നെ തിരിച്ചുപോയിരുന്നു. എന്തായലും സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ഒരു നമ്പർ 9 സ്ട്രൈക്കറെ ടീമിലേക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് ഇപ്പൊൾ ടീം മാനേജ്മെൻ്റ്. ബാർസയുടെ ഒബാമെയാങ്ങിനെയാണ് ചെൽസി ഇപ്പൊൾ ലക്ഷ്യം വെക്കുന്നത്. ഇതിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ലെവൻഡോസ്കിയുടെ വരവോടെ അവസരങ്ങൾ കുറഞ്ഞ ഒബാ ചെൽസിയിലേക്ക് വരാൻ തന്നെയാണ് സാധ്യത.. അങ്ങനെ സംഭവിച്ചാൽ ടീം പഴയ ഗിയറിലാകുമെന്ന് ആണ് ആരാധകരുടെ പ്രതീക്ഷ.

തിയാഗോ സിൽവ, അസ്പ്ലിക്വെറ്റ, കൊളിബാലി തുടങ്ങിയ താരങ്ങൾ പ്രതിരോധത്തിൽ അണിനിരന്നിട്ടും ടീം ഗോൾ വഴങ്ങുന്നത് ചെറിയ തലവേദനയൊന്നുമല്ല ടുഷേലിന് ഉണ്ടാക്കുന്നത്. ലെസ്റ്റർ സിറ്റിയിൽ നിന്ന് ഇപ്പൊൾ വെസ്ലി ഫോഫാനയെ കൂടി പ്രതിരോധത്തിൻ്റെ കരുത്ത് വർധിപ്പിക്കുവാനായി കൊണ്ടുവന്നിട്ടുണ്ട്. ഫോഫാന കൂടി കൂടുന്നതോടെ പ്രതിരോധം കരുത്തുറ്റതാകും എന്ന കാര്യത്തിൽ സംശയമില്ല. ആക്രമണം ആണ് ഏറ്റവും വലിയ പ്രതിരോധം എന്ന് പറയും പോലെ മുന്നേറ്റ നിരയിലേക്ക് ഒരു സ്ട്രൈക്കറെ കൂടി കൊണ്ടുവന്ന് ആക്രമണത്തിന് മൂർച്ച കൂട്ടിയാൽ തീരാവുന്നതെ ഉള്ളൂ ഈ പ്രശ്നങ്ങൾ ഒക്കെയും. വരുന്ന സെപ്റ്റംബർ മൂന്നിന് വെസ്റ്റ്ഹാമുമായിട്ടാണ് ചെൽസിയുടെ അടുത്ത മത്സരം. എന്തായാലും ഈയൊരു മത്സരത്തിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നുകാണാം. ഒബാമയാങ്ങിനെ ഉടൻതന്നെ ചെൽസി ടീമിലെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതോടൊപ്പം വരും മത്സരങ്ങളിൽ റീസ് ജയിംസും കാൻ്റെയും കൂടി തിരിച്ചുവരുന്നതോടെ ടീമിന് പൂർവാധികം ശക്തിയോടെ തിരിച്ചുവരുവാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment

Your email address will not be published. Required fields are marked *