Editorial EPL 2022 Foot Ball Top News

ഒരു വിപ്ലവത്തിന്റെ തുടക്കമോ ഇത് ?

August 21, 2022

ഒരു വിപ്ലവത്തിന്റെ തുടക്കമോ ഇത് ?

വളരെ അധികം ക്ഷമ ഉള്ള മനുഷ്യൻ ആണ് അർട്ടേറ്റ എന്ന് സമ്മതിക്കേണ്ടി വരും. കഴിഞ്ഞ ജനുവരിയിൽ ഒബാമയങ്ങിനെ നഷ്ടപ്പെട്ടിട്ടും, ഇഷ്ട് താരത്തിനെ [വ്ളാഹോവിച്] ലഭിക്കാത്തതിനാൽ ഒരു സ്‌ട്രൈക്കറെ പോലും അദ്ദേഹം ടീമിൽ എത്തിച്ചില്ല. അതിന് വില കൊടുക്കേണ്ടിയും വന്നു – ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാതെ ടീം സീസൺ അവസാനിപ്പിച്ചു.

അർട്ടേറ്റയിലുള്ള വിശ്വാസം പലർക്കും അതോടെ നഷ്ടപ്പെട്ടു. എന്നാൽ താൻ ഉദ്ദേശിക്കുന്ന മികവിന്റെ കാര്യത്തിൽ, ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല എന്നാണ് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു ആരെ ഒക്കെ ടീമിലേക്ക് എത്തിക്കണം എന്ന്. സ്‌ട്രൈക്കർ ഇല്ലാത്ത ടീമിലെ പകരക്കാരനായ സ്‌ട്രൈക്കർ എന്ന് വിലയിരുത്തിയ ജെസ്യൂസിനെ അല്ലാതെ വേറെ ആരെയും ബിഡ് ചെയ്തില്ല. വിന്നിങ് മെന്ററാലിറ്റി ഉള്ള ഒരു താരവും വേണം എന്ന് തോന്നിയപ്പോൾ ഷിൻചെങ്കോ ടീമിൽ. ഇവർ രണ്ടു പേരും ടീമിൽ കൊണ്ടുവന്ന മാറ്റങ്ങൾ വളരെ വലുതാണ്.

ആരെ വേണം എന്നുള്ള വ്യക്തത അർട്ടേറ്റ മുമ്പും പ്രകടിപ്പിച്ചിട്ടുണ്ട്. അത് 35 മില്യൺ കൊടുത്തു റംസ്‌ഡെയിലിനെ ടീമിൽ എത്തിച്ചപ്പോളും, ബെൻ വൈറ്റിന് വേണ്ടി 50 മില്യൺ മുടക്കിയപ്പോളും നാം കണ്ടതാണ്. ഇവർ രണ്ടു പേരും ആഴ്‌സണൽ ഡിഫൻസ് ശക്തമാക്കിയതിൽ വഹിച്ച പങ്കു ചെറുതല്ല.

ജെസുസ് – മാർട്ടിനെല്ലി കൂട്ട് കെട്ടു ടീമിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. ഡിഫെൻഡേഴ്സിന് എപ്പളും തലവേദന ശ്രിഷ്ട്ടിക്കുന്ന രണ്ടു ഇനങ്ങൾ, കാലിൽ നിന്ന് പന്ത് തട്ടിപ്പറിക്കുന്നത് അസാധ്യവും. ബോക്സിനുള്ളിലെ പക്കാ കുരുക്കാനാണ് ജെസുസ് എങ്കിൽ, മാർട്ടിനെല്ലി ആ നിലയിലേക്ക് ഉയരേണ്ടി ഇരിക്കുന്നു. അലക്സിസ് സാഞ്ചസ് പോയ വിടവാണ് ആ കാലുകൾക്ക് നികത്താൻ ഉള്ളത്. പക്ഷെ മികവിന്റെ മിന്നലാട്ടങ്ങൾ നമ്മൾ അദ്ദേഹത്തിൽ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ സീസണിലേക്കാളും മികച്ച ഫോമിലാണ് മാർട്ടിനെല്ലി. കഴിഞ്ഞ സീസണിൽ അവരുടെ അറ്റാക്കിങ് പ്ലേയേഴ്സ് നേരിട്ട ഗോൾ ദാരിദ്ര്യം ആണ് ടീമിനെ ഏറ്റവും കൂടുതൽ ബാധിച്ചിരുന്നത്. ഏതായാലും അതിന് ഒരു പരിഹാരമായിരിക്കുന്നു.

അർട്ടേറ്റ പ്രശംസ അർഹിക്കുന്ന മറ്റൊരു കാര്യം അച്ചടക്കത്തിലെ കണിശകതയാണ്. ഓസിൽ, ഗണ്ടുസീ എന്നിവരൊക്കെ ഒരു ദയയും അർഹിക്കാതെ ടീമിന് വെളിയിൽ പോയി. തന്റെ ടീം അംഗങ്ങൾക്ക് വേണ്ട അച്ചടക്കത്തിന്റെ അളവ് കോൽ നിർണയിക്കുന്നതും, അത് പരിപാലിക്കുന്നതും ഒരു മാനേജരുടെ ഏറ്റവും മികച്ച ഗുണങ്ങളിൽ ഒന്നാണ്. എങ്കിലേ ഒരു ടീം എന്ന നിലയിൽ അവർ എല്ലാ അർത്ഥത്തിലും വളരു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ പലപ്പോഴും തോന്നിയത്, അവർക്ക് മറ്റൊരു അർട്ടേറ്റ വേണം എന്നാണ്.

എല്ലാ പൊസിഷനിലും മത്സരം ഉറപ്പാക്കാൻ അർട്ടേറ്റ ശ്രമിക്കുന്നത് ശുഭസൂചന ആണ്. ടീറനിക്ക് ഷിൻചെങ്കോ, സാക്കക്ക് മാർക്കിഞ്ഞോസ്, ഒഡേഗാഡിന് ഫാബിയോ വിയേര, ബെൻ വൈറ്റിന് സാലീബ – അങ്ങനെ സ്‌ക്വാഡ് ഡെപ്ത് ഉള്ള ടീം ആയി അവർ മാറിയിരിക്കുന്നു.

ആകെ ആശങ്ക ഉള്ളത് മധ്യനിരയിലെ സ്‌ക്വാഡ് ഡെപ്ത് ആണ്. ക്ഷാക്ക – പാർട്ടി കൂട്ടുകെട്ടിനെ പരിക്ക് അലട്ടിയാൽ കാര്യങ്ങൾ അവതാളത്തിൽ ആകും. മറ്റൊരു ബ്രസീലിയൻ താരമായ പക്വിറ്റക്ക് വേണ്ടി അർട്ടേറ്റ ശ്രമിച്ചിരുന്നു. ക്ഷമയോടെ കാത്തിരുന്ന് ജനുവരിയിൽ വീണ്ടും താരത്തിനായി ശ്രമിക്കാനായിരിക്കും അദ്ദേഹം ശ്രമിക്കുക. ഒരു മികച്ച മിഡ്‌ഫീൽഡർ, അത് ജനുവരിയിൽ എങ്കിലും ടീമിൽ എത്തേണ്ടത് അനിവാര്യം.

ഏതായാലും ആഴ്‌സണൽ താളം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. അത് വലിയ ടീമുകൾക്ക് എതിരെ പുറത്തെടുക്കാൻ സാധിച്ചാൽ ലിവര്പൂളിനും സിറ്റിക്കും അത് തലവേദന ശ്രിഷ്ട്ടിക്കും.

Leave a comment