Editorial European Football Foot Ball Top News

കാലമേ ഇനി പിറക്കുമോ ഇതുപോലെ 2 ഇതിഹാസങ്ങൾ.

August 17, 2022

author:

കാലമേ ഇനി പിറക്കുമോ ഇതുപോലെ 2 ഇതിഹാസങ്ങൾ.

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. എന്നാൽ ഇവരുടെ കാലം കഴിഞ്ഞാൽ ഇനിയാര് എന്ന് ചിന്തിക്കാത്തവർ ഉണ്ടാകുമോ..? സത്യത്തിൽ ഇവരുടെ ഈ സുവർണ കാലഘട്ടത്തിൽ കളി കാണുവാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവരാണ്. ഇനി വരും തലമുറക്ക് ആഗ്രഹിക്കാൻ മാത്രം കഴിയുന്ന ഒന്ന്. ഫുട്ബോൾ ലോകത്ത് ഇരുവർക്കും കീഴടക്കാൻ കഴിയാത്തതായി ഒന്നും തന്നെയില്ല. ഇതിഹാസങ്ങൾ ഒക്കെ തന്നെ.. പക്ഷേ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല എന്ന് പറയാൻ കഴിയുമെങ്കിലും അതൊരു ടീം ഗെയിമിലൂടെ മാത്രം നേടുവാൻ കഴിയുന്ന ഒന്നാണ്. വ്യക്തിഗത കണക്കുകൾ വിലയിരുത്തിയാൽ ഇതിനോടകം അവർ ലോകം കീഴടക്കി കഴിഞ്ഞു. ഇരുവരും തമ്മിൽ 2 വർഷത്തെ കരിയർ ഡിഫറെൻസ് ഉണ്ടെങ്കിലും നേടിയ നേട്ടങ്ങളിൽ നമുക്ക് വലിയ വ്യത്യാസങ്ങൾ കാണുവാൻ കഴിയില്ല. ഏറി വന്നാൽ വരുന്ന വേൾഡ്കപ്പ് വരെ അതിനുമപ്പുറം ഇവരെ നീല കുപ്പായത്തിലും ചുവന്ന കുപ്പായത്തിലും കാണുവാൻ കഴിയുമോ എന്നത് സംശയകരമാണ്. ചിലപ്പോൾ ഇവരുടെ വിരമിക്കലിനു ശേഷം ഫുട്ബോൾ ലോകം ഒന്ന് ഉറങ്ങിയ മട്ട് ആകും. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ഓരോ സാധാരണക്കാരൻ്റെയും കണ്ണ് നിറയുന്ന ദിവസം ഇനി വിദൂരമല്ല. കാരണം ആ ദിവസം ആയിരിക്കും ഇരുവരുടെയും വിരമിക്കൽ മത്സരം അരങ്ങേറുക.

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് ലഭിക്കുന്ന അവാർഡ് ആണ് “ബാലൺ ഡി ഓർ”. ഫ്രാൻസ് ഫുട്ബോളിലെ ഫ്രഞ്ച് ന്യൂസ് മാഗസീൻ ആണ് ഇത് നൽകുന്നത്. ഈ ഒരു നേട്ടം ഇരുവരും ചേർന്ന് നേടിയത് 12 തവണയാണ് (മെസ്സി – 7, റൊണാൾഡോ – 5). നിലവിൽ മറ്റാർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത ഒന്നാണിത്. മാത്രമല്ല തുടർച്ചയായി 15 വർഷമാണ് ഇരുവരും ചേർന്ന് ബാലൺ ഡി ഓർ വേദി പങ്കിട്ടത്. ഇതൊന്നും മറ്റൊരു കളിക്കാർക്കും എത്തിപിടിക്കാൻ പോലും കഴിയാത്തതാണ്. കൂടാതെ ഫിഫയുടെ മികച്ച കളിക്കാരന് നൽകുന്ന ഫിഫ ബെസ്റ്റ് മെൻസ് പ്ലേയർ അവാർഡ് മെസ്സി 6 തവണയും റൊണാൾഡോ 5 തവണയും നേടിയിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഇതൊന്നും കൂടാതെ പറഞ്ഞാലും തീരാത്ത മറ്റു പല റെക്കോർഡുകളും ഇരുവരും ചേർന്ന് കാറ്റിൽ പറത്തിയിട്ടുണ്ട്.

ഒരു മികച്ച മുന്നേറ്റ നിര താരത്തിന് ഒരു മികച്ച പ്ലേമേക്കർ ആവാൻ കഴിയുമോ..? അല്ലെങ്കിൽ ഒരു മികച്ച പ്ലേമേക്കർ താരത്തിന് ഒരു മികച്ച ഫോർവേർഡ് ആകാൻ കഴിയുമോ..? സാധിക്കും എന്നാണ് സാക്ഷാൽ ലയണൽ മെസ്സി തെളിയിച്ചിട്ടുള്ളത്. സ്പാനിഷ് ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന ഗോൾഡൺ ബൂട്ട് അവാർഡ് ആണ് പിച്ചിച്ചി ട്രോഫി. ഇത് 8 തവണയാണ് മെസ്സി നേടിയിട്ടുള്ളത്. ലീഗ് റെക്കോർഡ് ആണിത്. ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇതേ താരത്തിന് ബെസ്റ്റ് പ്ലേമേക്കർ അവാർഡ് കൂടി കിട്ടിയിട്ടുണ്ട് എന്ന് പറയുമ്പോൾ എന്താവും അവസ്ഥ. ഒരു തവണയല്ല 4 തവണയാണ് ലിയോ ഫിഫയുടെ ബെസ്റ്റ് പ്ലേമേക്കർ അവാർഡ് നേടിയത്. ഈ അവാർഡ് ഏറ്റവും കൂടുതൽ നേടിയതിൻ്റെ റെക്കോർഡും മെസ്സിയുടെ പേരിലാണ്. സാവിയും ഈ റെക്കോർഡ് മെസ്സിയോടൊപ്പം പങ്കിടുന്നുണ്ട്. ഇനിയെസ്റ്റ, സാവി, മോഡ്രിച്ച്, ഡിബ്രുയ്ൻ, പോഗ്ബാ, മുള്ളർ, വെറാട്ടി തുടങ്ങിയ മിഡ്ഫീൽഡിലെ അധികായന്മാർ കളിക്കുന്ന സമയത്താണ് ലിയോ ഇത് 4 വട്ടം നേടിയത് എന്ന് പറയുമ്പോൾ ഏതൊരു സാധാരണക്കാരനും ഒന്നു തലയിൽ കൈവെച്ചു പോകും. കൂടാതെ ഏറ്റവും കൂടുതൽ ബാലൺ ഡി ഓറും ഫിഫ ബെസ്റ്റ് മെൻസ് പ്ലേയർ അവാർഡും എല്ലാം ഏറ്റവും കൂടുതൽ തവണ നേടിയതും (7,6) ഇതേ കളിക്കാരൻ തന്നെയാണ് എന്ന് കൂടി അറിയുമ്പോൾ അക്ഷരം തെറ്റാതെ വിളിക്കാം Greatest Of All Time എന്ന്. അതോടൊപ്പം എടുത്ത് പറയേണ്ട ഒന്നാണ് ലോകത്തെ ഏറ്റവും മികച്ച കായിക താരത്തിന് നൽകുന്ന ലോറിസ് അവാർഡ്.. ഫുട്ബോളിൽ അത് നേടിയിട്ടുള്ളത് സാക്ഷാൽ ലയണൽ മെസ്സി മാത്രം.

മംഗലശേരി നീലകണ്ഠന് ഒത്ത എതിരാളി.. അത് ഒരാളെ ഉള്ളൂ മുണ്ടക്കൽ ശേഖരൻ.. അതുപോലെ തന്നെയാണ് ഇവിടെയും. ലയണൽ മെസ്സിക്ക് ഒത്ത എതിരാളി.. അത് ഒരളെയുള്ളു. ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരം; അത് മറ്റാരുമല്ല സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (815). അതോടൊപ്പം അന്തരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ക്രിസ്റ്റ്യാനോ തന്നെ(117). ഇതൊക്കെ മറ്റൊരാൾക്കും എളുപ്പം മറികടക്കാൻ കഴിയുന്ന ഒന്നല്ല. കൂടാതെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്, അസിസ്റ്റ്കൾ നേടിയത് അങ്ങനെ എല്ലാം അയാൾക്ക് സ്വന്തം. ഗോളുകളുടെ ആറാട്ട് തന്നെയാണ് ക്രിസ്റ്റ്യാനോ നടത്തിയിട്ടുള്ളത്. ഇതിലും മികച്ചൊരു സ്ട്രൈക്കർ ഫുട്ബോൾ ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. പ്രീമിയർ ലീഗ്, ലാ ലിഗ, സീരീ എ തുടങ്ങിയ ടോപ് ലീഗുകളിൽ എല്ലാം തന്നെ താരം കഴിവ് തെളിയിച്ച് കഴിഞ്ഞു. പ്രായം 38 ലേക്ക് കടന്നിട്ടും ആ പോരാട്ട വീര്യത്തിന് യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടില്ല.

ലിയോ ബാർസയോടൊപ്പം 10 ലാ ലിഗ കിരീടങ്ങൾ ആണ് നേടിയിട്ടുള്ളത്. കൂടാതെ 4 ചാമ്പ്യൻസ് ലീഗും, 7 കോപ്പ ഡെൽ റെ കിരീടങ്ങളും നേടിയിട്ടുണ്ട്. ഇനിയും സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ്, തുടങ്ങിയ കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും പറഞ്ഞ് മുഴുകിപ്പിക്കുന്നില്ല. കൂടാതെ അർജൻ്റീനയോടൊപ്പം കോപ്പ അമേരിക്ക, ഫൈനലിസിമ തുടങ്ങിയ അന്തരാഷ്ട്ര കിരീടങ്ങൾ നേടുവാനും ലിയോക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഒരു കാലഘട്ടത്തിൽ 5 ഫൈനൽ മത്സരങ്ങൾ ആണ് അർജൻ്റീന ജേഴ്‌സിയിൽ മെസ്സി കളിച്ചിട്ടുള്ളത്. 4 കോപ്പ അമേരിക്ക ഫൈനലും ഒരു വേൾഡ് കപ്പ് ഫൈനലും. നിർഭാഗ്യവശാൽ ഒരു കോപ്പയിൽ മാത്രമേ മുത്തമിടാൻ കഴിഞ്ഞുള്ളൂ. ഇതിൽ ലോകകപ്പിലെ ഗോൾഡൻ ബോൾ നേടുവാനും മിശിഹായ്ക്ക് കഴിഞ്ഞിരുന്നു. എന്തുതന്നെയായാലും 2 മേജർ കിരീടങ്ങൾ നാഷണൽ ടീമിനൊപ്പം നേടുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനി ഖത്തർ ലോകകപ്പ് ആണ് വരുന്നത്. അതിലെയും കിരീട ഫേവറേറ്റുകളിൽ ഒന്നാണ് അർജൻ്റീന. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

ക്രിസ്റ്റ്യാനോ 7 ലീഗ് കിരീടങ്ങളും (പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ) 5 ചാമ്പ്യൻസ് ലീഗും 2 കോപ്പ ഡെൽ റേ കിരീടങ്ങളും ക്ലബ് കരിയറിൽ നേടിയിട്ടുണ്ട്. ക്ലബ് വേൾഡ് കപ്പ്, സൂപ്പർ കപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ് തുടങ്ങിയ കിരീടങ്ങളും താരം നേടിയിട്ടുണ്ട്. പോർച്ചുഗൽ നാഷണൽ ടീമിനൊപ്പം യൂറോകപ്പിൽ മുത്തമിടാൻ കഴിഞ്ഞതാണ് താരത്തിൻ്റെ കരിയറിലെ ഏറ്റവും സുവർണ നിമിഷം. കൂടാതെ യുവേഫ നാഷൻസ് ലീഗിലും താരം മുത്തമിട്ടിട്ടുണ്ട്. കഴിഞ്ഞ യൂറോകപ്പിലെ ഗോൾഡൺ ബൂട്ട് വിന്നെറും റൊണാൾഡോ തന്നെയായിരുന്നു. ഇതുപോലെ ഒട്ടനവധി നേട്ടങ്ങൾ താരത്തിൻ്റെ പേരിലുണ്ട്.

പറഞ്ഞാലും പറഞ്ഞാലും മതിയാവാത്ത അത്രയും നേട്ടങ്ങൾ ഇരുവരും സ്വന്തം കരിയറിൽ നേടിയിട്ടുണ്ട്. കേവലം ഈ ഒരു കുറിപ്പിൽ എഴുതിതീർക്കാൻ കഴിയുന്ന ഒന്നല്ല അത്. ഇരുവരും ലോകഫുട്ബോൾ അടക്കി ഭരിക്കുവാൻ തുടങ്ങിയിട്ട് കാലം കുറെയായി. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഏർലിങ് ഹാലണ്ട് ഒരു ഇൻ്റർവ്യൂയിൽ ഒരു ചോദ്യം നേരിടുകയുണ്ടായി. 2025 ലെ ബാലൺ ഡി ഒർ ആരു നേടും എന്നായിരുന്നു ആ ചോദ്യം. ഇതിന് മറുപടിയായി ചിരിച്ചുകൊണ്ട് താരം പറഞ്ഞു. “മെസ്സി”. ഇതിൽ തന്നെയുണ്ട് പ്രായം ഇത്രയേറെ ആയിട്ടും ഫുട്ബോൾ താരങ്ങൾക്ക് ഇടയിൽ പോലും ലയണൽ മെസ്സിയുടെ സ്ഥാനം എത്രത്തോളം ഉണ്ടെന്ന്.
അതോടൊപ്പം എടുത്ത് പറയേണ്ട ഒന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യവും. താരം ഇപ്പൊൾ യുണൈറ്റഡ് വിടുവാൻ ആഗ്രഹിക്കുന്ന കാര്യം ഏവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ എറിക് ടെൻ ഹാഗിനും യുണൈറ്റഡ് മാനേജ്മെൻ്റിനും താരത്തെ വിട്ടുകളയാൻ താൽപര്യമില്ല. പ്രായം 38 ലേക്ക് കടക്കുമ്പോഴും റൊണാൾഡോക്ക് ഇപ്പോഴും ഫുട്ബോൾ ലോകത്ത് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ഈ ഒരു കാര്യത്തിൽ നിന്ന് തന്നെ മനസിലാക്കാൻ കഴിയും.

എന്തായാലും ഞാൻ കൂടുതൽ പറഞ്ഞ് ആരെയും ബോറടിപ്പിക്കുന്നില്ല. കാരണം എത്ര വിവരിച്ചാലും മതിവരുന്നതല്ല ഈ 2 സുവർണ നക്ഷത്രങ്ങളുടെയും ഐതിഹാസിക കഥകൾ. എന്തായാലും ഈ ഒരു വേൾഡ്കപ്പ് കഴിയുന്നതോടെ 2 പേരുടെയും കരിയറിൽ എന്തെങ്കിലും മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ഇനിയും ഒരു 2,3 വർഷം കൂടി നമ്മളെ ആവേശത്തോടെ ടിവിയുടെ മുമ്പിൽ ഇരുത്തുവാൻ അവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഏതൊരു ആരാധകനും ആഗ്രഹിക്കുന്നുണ്ടാവും. കാരണം ഇത്രയും വർഷങ്ങൾ നമ്മൾ ഇരുവരുടെയും കളികൾ ആസ്വദിച്ചു. പെട്ടെന്നൊരു ദിവസം ഇവർ ഫുട്ബാൾ ലോകത്തോട് വിടപറഞ്ഞാൽ അത് സഹിക്കാവുന്നതിലും അപ്പുറം ആയിരിക്കും. വരുന്ന ലോകകപ്പിൽ 2 താരങ്ങൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയട്ടെ; അതോടൊപ്പം അർജൻ്റീനയോ, പോർച്ചുഗലോ ആ ലോകകിരീടത്തിൽ മുത്തമിടട്ടെ എന്ന് കൂടി നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ എങ്കിൽ അതിലും വലിയൊരു വിടവാങ്ങൽ സമ്മാനം ഇരുതാരങ്ങൾക്കും കിട്ടുവാൻ ഉണ്ടാകില്ല.

എന്തായാലും ഇത് വായിക്കുന്ന ഓരോരുത്തർക്കും ഞാനൊരു ഉപദേശം തരാം. കുറച്ച് നാളുകൾ കൂടിയേ നമുക്ക് ഈ 2 ഇതിഹാസ താരങ്ങളെയും ഫുട്ബോൾ മൈതാനത്ത് കാണുവാൻ കഴിയൂ.. അത്രയും നാൾ ഇരുവരുടെയും കളികൾ ആസ്വദിച്ചു കാണുവാൻ ശ്രമിക്കുക. ആരാധനാ സ്നേഹം കൊണ്ട് പരസ്പരം കുറ്റപ്പെടുത്തിയും ചീത്തവിളിച്ചും തരംതാഴ്ത്തിയും സമയം കളയാതിരിക്കുക. കാരണം ഇപ്പൊൾ നിങ്ങൾ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഈ വ്യക്തികൾ നിങ്ങൾക്ക് സ്വപ്നം കാണുവാൻ പോലും കഴിയാത്ത അത്രയും മുകളിൽ ഉള്ളവരാണ്. ഇനിയും തെളിച്ചു പറയുകയാണെങ്കിൽ ഇവരെയൊന്നും കുറ്റപ്പെടുത്തുവാൻ ഉള്ള യോഗ്യത നമുക്ക് ഇല്ല. ശേഷിക്കുന്ന സമയം ഇരുവരെയും സപ്പോർട്ട് ചെയ്ത് ഇരുവരുടെയും മത്സരങ്ങൾ ആസ്വദിച്ച്കൊണ്ട് മുമ്പോട്ട് പോകുക. കാരണം ഇനിയൊരു ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബാൾ ലോകത്ത് ഉണ്ടാവില്ല💔.

കാലമേ ഇനി പിറക്കുമോ ഇതുപോലെ 2 ഇതിഹാസങ്ങൾ… ഈ ഒരു ചോദ്യം ബാക്കി വെച്ച് ഇവിടെ നിർത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *