Cricket Cricket-International Top News

ഹസരംഗയ്ക്ക് ഹണ്ട്രഡ് ടൂർണമെന്റിൽ പങ്കെടുക്കാനാവില്ല, എൻഒസി നിഷേധിച്ച് ലങ്കൻ ബോർഡ്

August 5, 2022

author:

ഹസരംഗയ്ക്ക് ഹണ്ട്രഡ് ടൂർണമെന്റിൽ പങ്കെടുക്കാനാവില്ല, എൻഒസി നിഷേധിച്ച് ലങ്കൻ ബോർഡ്

2022 ഹണ്ട്രഡ് മെൻസ് ടൂർണമെന്റിൽ പങ്കെടുക്കാൻ ശ്രീലങ്കയുടെ വനിന്ദു ഹസരംഗ സമർപ്പിച്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നിഷേധിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇതേതുടർന്ന് ഈ വർഷം മാഞ്ചസ്റ്റർ ഒറിജിനൽസുമായുള്ള 100,000 പൗണ്ടിന്റെ കരാറിൽ നിന്ന് ഹസരംഗയെ ടീം പിൻവലിച്ചു. കൂടാതെ ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്‌സിനെ പകരക്കാരനായി തെരഞ്ഞെടുത്തതായും ടീം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പും ടി20 ലോകകപ്പും ഉൾപ്പെടുന്ന വരാനിരിക്കുന്ന അന്താരാഷ്ട്ര പരമ്പരകൾക്ക് ഹസരംഗ സജ്ജനാണെന്ന് ഉറപ്പാക്കാനായാണ് ബോർഡ് എൻഒസി നിഷേധിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബർ 11 വരെ നീണ്ടുനിൽക്കും. തുടർന്ന് ഒരു മാസത്തിന് ശേഷം ഓസ്‌ട്രേലിയയിൽ ടി20 ലോകകപ്പും അരങ്ങേറാനിരിക്കുകയാണ്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 16 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുമായി ഐപിഎല്ലിന്റെ 2022 എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറായി ഹസരംഗ മാറിയിരുന്നു. ശ്രീലങ്കയ്‌ക്കായി 38 ടി20 കളിൽ നിന്ന് 14.1 ശരാശരിയിൽ 62 വിക്കറ്റുകൾ ഇതിനകം നേടിയിട്ടുണ്ട്. അതേസമയം ഹസരംഗയെ 2023 സീസണിൽ മാഞ്ചസ്റ്റർ ഒറിജിനൽസ് നിലനിർത്തുമോയെന്നതും കണ്ടറിയേണ്ടി വരും.

Leave a comment