ജർമനിയെ മലർത്തിയടിച്ച് യൂറോ വനിതാ ഫുട്ബോൾ കിരീടം ഇംഗ്ലണ്ടിന്
എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച ഇംഗ്ലണ്ടിന് യൂറോ വനിതാ ഫുട്ബോൾ കിരീടം. 110–ാം മിനിറ്റിൽ ക്ലോ കെല്ലിയാണ് വിജയഗോൾ നേടിയത്.
ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കിരീടമാണിത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ 87,192 കാണികളാണ് മത്സരം കാണാനെത്തിയത്. യുവേഫ മത്സരങ്ങളിലെ റെക്കോർഡാണിത്. മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്നതാണ് കാണാൻ കഴിഞ്ഞത്. എന്നാൽ സ്വന്തം ആരാധകരുടെ വലിയ പിന്തുണ ഇംഗ്ലണ്ടിന് അനുകൂലമായി മാറി.
ആവേശ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമിനും ഗോളുകളൊന്നും തന്നെ നേടാനായിരുന്നില്ല. എന്നാൽ 62-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എല്ലാ ടൂൺ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. ഈ ഗോളിന് ശേഷം ഡിഫൻസിലേക്ക് ഊന്നിയ ഇംഗ്ലണ്ടിന്റെ തന്ത്രത്തിനു തിരിച്ചടി നൽതി 80-ാം മിനിറ്റിൽ ജർമനി സമനില പിടിച്ചു. ലിന മഗൂളിലാണ് വലകുലുക്കിയത്.
ഇതോടെ എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ 110-ാം മിനിറ്റിൽ കെല്ലി ഇംഗ്ലണ്ടിനെ വീണ്ടും മുന്നിൽ എത്തിച്ചു. വീണ്ടും ഡിഫെൻസിലേക്ക് ഊന്നിയെങ്കിലും ഈ തന്ത്രം ഇത്തവണ വിജയം കാണുകയായിരുന്നു. അവസാന വിസിൽ ശബ്ദം ഉയർത്തിയപ്പോൾ ഇംഗ്ലണ്ട് യൂറോ വനിതാ കിരീടം സ്വന്തമാക്കുകയായിരുന്നു.