മാൻ സിറ്റിയെ പരാജയപ്പെടുത്തി ലിവർപൂൾ കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കി
ശനിയാഴ്ച കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിവർപൂൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-1 ന് തോൽപ്പിച്ച് എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കി.75 മില്യൺ യൂറോയുടെ പ്രാരംഭ തുകയ്ക്ക് ബെൻഫിക്കയിൽ നിന്ന് വാങ്ങിയ ഉറുഗ്വേക്കാരനായ താരം നൂനസ് അധിക സമയത്ത് സ്കോര്‍ ചെയ്തത് ലിവര്‍പൂളിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടി.

21-ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് സ്കോറിങ്ങ് തുറന്നതോടെ സിറ്റി പ്രതിരോധത്തില്‍ ആയി.തുടര്‍ന്ന് സിറ്റി ലിവര്‍പൂളിനു മേല്‍ കൂടുതല്‍ ആക്രമണം നടത്തി സമ്മര്‍ദം ചെലുത്തി എങ്കിലും ലിവര്‍പൂളിന്റെ ഡിഫന്‍സ് പോസ്റ്റിനു മുന്നില്‍ ഉറച്ചു നിന്നു. കൂടാതെ പുതിയ സൈനിംഗ് ആയ എര്‍ലിംഗ് ഹാലണ്ടിന്റെ മോശം ഫോമും ലിവര്‍പൂളിനെ തുണച്ചു.70 ആം മിനുട്ടില്‍ മറ്റൊരു സമ്മറിലെ സൈനിംഗ് ആയ ജൂലിയന്‍ അലവരാസ് സമനില ഗോള്‍ നേടി എങ്കിലും 83 ആം മിനുട്ടില്‍ പ്രതിരോധ താരം റൂബൻ ഡയസിന്റെ ഹാന്‍ഡ് ബോള്‍ വഴി ലഭിച്ച പെനാല്‍ട്ടി സല സ്കോര്‍ ചെയ്തതോടെ സിറ്റിയുടെ പ്രതീക്ഷ നഷ്ട്ടപ്പെട്ടു. അധികസമയത്ത് നൂനസിന്റെ ഗോളോടെ ലിവര്‍പൂള്‍ സിറ്റിയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.