സിറ്റിക്കെതിരായ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ അലിസണും ജോട്ടയുമുണ്ടാകില്ലെന്ന് ലിവർപൂൾ
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരം ലിവർപൂൾ താരങ്ങളായ ഗോൾകീപ്പർ അലിസൺ ബെക്കർ, മുന്നേറ്റനിര താരം ഡിയാഗോ ജോട്ട എന്നിവർക്ക് നഷ്‌ടമാവുമെന്ന് അറിയിച്ച് പരിശീലകൻ യുർഗൻ ക്ലോപ്പ്.
ടീമിലെ പ്രധാന താരങ്ങൾക്ക് സീസണിലെ ആദ്യത്തെ പ്രധാന മത്സരം നഷ്‌ടമാവുന്നത് ചെമ്പടയെ സംബന്ധിച്ച് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന പ്രീ സീസൺ മത്സരത്തിനു ശേഷം പരിക്കു മൂലം പിന്നീടൊരു മത്സരത്തിലും അലിസൺ ബെക്കർ കളിച്ചിട്ടില്ല. ബ്രസീലിയൻ താരത്തിനു പകരം അഡ്രിയാനാവും അലിസണു പകരം മത്സരത്തിൽ ഇറങ്ങുക.
ഡിയാഗോ ജോട്ട നീണ്ടനാളായി പരിക്കിന്റെ പിടിയിലായതിനാൽ പ്രീസീസൺ മത്സരങ്ങളിൽ കളിക്കാനായിരുന്നില്ല. പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നടക്കുന്ന ആദ്യത്ത മത്സരത്തിലും താരം ഉണ്ടാകില്ലെന്നാണ് സൂചനകൾ. പുതിയ സീസൺ കിരീടനേട്ടത്തോടെ ആരംഭിക്കാൻ രണ്ടു ക്ലബുകൾക്കുമുള്ള അവസരമാണ് കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം.