2022 ഏഷ്യാ കപ്പ് ശ്രീലങ്കയിൽ നിന്ന് യുഎഇയിലേക്ക് മാറ്റി, ഔദ്യോഗിക പ്രഖ്യാപനം എത്തി
ഏഷ്യാ കപ്പ് 2022 സീസൺ ശ്രീലങ്കയിൽ നിന്ന് യുഎഇയിലേക്ക് ഔദ്യോഗികമായി മാറ്റി. ഓഗസ്റ്റ് 27 നും സെപ്റ്റംബർ 11 നും ഇടയിലാണ് മൾട്ടി-നേഷൻ ടൂർണമെന്റ് നടക്കുക. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി കാരണം വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
നിലവിൽ ശ്രീലങ്ക അതിന്റെ എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ജനങ്ങൾ ഭരിക്കുന്ന സർക്കാരിനെതിരെ എണ്ണമറ്റ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സനത് ജയസൂര്യ, കുമാർ സംഗക്കാര, മഹേല ജയവർധനെ തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പോലും ദ്വീപ് രാഷ്ട്രത്തിലെ ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് ശബ്ദമുയർത്തിയിട്ടുണ്ട്.
ഏഷ്യാ കപ്പ് 2022 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കും. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സലായാണ് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ ഈ ടൂർണമെന്റിനെ നേരിടാൻ ഒരുങ്ങുന്നത്. ടി20 ഫോർമാറ്റിലാണ് 2022 ഏഷ്യാ കപ്പ് ക്രിക്കറ്റ് അരങ്ങേറാൻ ഒരുങ്ങുന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഷെഡ്യൂൾ ഉടൻ പുറത്തിറക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചന നൽകുന്നത്.