പാഡി അപ്ടണിന്റെ നിയമനത്തെ വിമർശിച്ച് ശ്രീശാന്ത് രംഗത്ത്
ടി20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ടീമിന്റെ മെന്റല്‍ ട്രെയിനറായി പാഡി അപ്ടണെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് രംഗത്ത്. അപ്ടണെ കൊണ്ടുവന്നത് ടീമിന് ഒരുവിധത്തിലും ഗുണം ചെയ്യില്ലെന്നാണ് താരത്തിന്റെ വിമർശനം.
ഇത്തവണ ഇന്ത്യ ടി20 ലോകകപ്പ് നേടുകയാണെങ്കില്‍ അതിന്റെ കാരണം താരങ്ങളും ദ്രാവിഡിന്റെ പരിചയസമ്പത്തുമായിരിക്കും. അപ്ടണ് എന്തെങ്കിലും വ്യത്യാസമുണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് മുതല്‍ താരങ്ങള്‍ മാനസികമായി ഫിറ്റായിരിക്കും. മെന്റല്‍ കണ്ടീഷനിങ് അവിടം മുതല്‍ സംഭവിക്കുകയാണ് ചെയ്യുന്നതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ധോണിക്ക് കീഴില്‍ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് നേടുമ്പോള്‍ അപ്ടണായിരുന്നു ഇന്ത്യയുടെ മെന്റല്‍ ട്രെയിനര്‍. അന്ന് മുഖ്യ പരിശീലകനായിരുന്ന ഗാരി കേര്‍സ്റ്റനാണ് എല്ലാം ചെയ്തിരുന്നത്. വിജയത്തില്‍ ഒരു ശതമാനം മാത്രമാണ് അപ്ടണിന്റെ പങ്കെന്നും ശ്രീശാന്ത് പറഞ്ഞു. ദ്രാവിഡിനൊപ്പം മുമ്പ് പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് ഇന്നദ്ദേഹം സപ്പോര്‍ട്ടിംഗ് സ്റ്റാഫായെത്തിയതെന്നും വിമർശനം ഉന്നയിച്ചു.