ഇന്ത്യൻ ടീമിന്റെ മെന്റല്‍ ട്രെയിനറായി പാഡി അപ്ടണെ നിയമിച്ച് ബിസിസിഐ
ടി20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മെന്റല്‍ ട്രെയിനര്‍ പാഡി അപ്ടണെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. ലോകകപ്പിന് മുമ്പെടുത്ത ഉഗ്രൻ തീരുമാനമെന്നാണ് ക്രിക്കറ്റ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ധോണിക്ക് കീഴില്‍ ഇന്ത്യ 2011-ലെ ഏകദിന ലോകകപ്പ് നേടുമ്പോള്‍ അപ്ടണായിരുന്നു ഇന്ത്യയുടെ മെന്റല്‍ ട്രെയിനര്‍.
ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം പാഡി അപ്ടണ് ഉടന്‍ ചേരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നൽകിയിട്ടുണ്ട്. മുഖ്യപരിശീലകനായ ദ്രാവിഡും അപ്ടണും മുമ്പ് ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയവും ടീമിന് തുണയാവുമെന്നാണ് വിലയിരുത്തൽ.
രാജസ്ഥാന് റോയല്സിന്രെ മുഖ്യപരിശീലകനായും അപ്ടണ് ജോലിചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിലും രാജസ്ഥാന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായി അപ്ടണുണ്ടായിരുന്നു. ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോഴുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനായി ടീമിനൊപ്പം മെന്റല്‍ ട്രെയിനറെ കൂടി എല്ലാ ടീമുകളും ഉള്‍പ്പെടത്താറുണ്ട്. 2003ലെ ഏകദിന ലോകകപ്പില്‍ ജോണ്‍ റൈറ്റ് ഇന്ത്യന്‍ പരിശീലകനായിരുന്ന കാലത്താണ് ഇന്ത്യന്‍ ടീമും ഇതേ പാത പിന്തുടര്ന്നത്.