ബിസിസിഐയുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ മാസ്റ്റർകാർഡ്
ഇന്ത്യയിലെ മുൻനിര ഫിൻടെക് കമ്പനിയായ പേടിഎം, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുമായുള്ള (ബിസിസിഐ) ഏഴുവർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ബിസിസിഐ സംഘടിപ്പിക്കുന്ന എല്ലാ ആഭ്യന്തര, അന്തർദേശീയ മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസർഷിപ്പ് ആഗോള പേയ്മെന്റ് ആൻഡ് ടെക്നോളജി കമ്പനിയായ മാസ്റ്റർകാർഡാണ് ഇനി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.
ബിസിസിഐയുമായുള്ള കരാർ നേരത്തെ അവസാനിപ്പിക്കാൻ അഭ്യർഥിച്ചുകൊണ്ട് ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് പേടിഎം പേര് പിൻവലിച്ചിട്ടുണ്ട്. ഇതോടെ 2023 വരെ പ്രവർത്തിക്കേണ്ടിയിരുന്ന കരാർ ഉടനടി അവസാനിക്കും. കുറഞ്ഞത് ശേഷിക്കുന്ന കാലയളവിലേക്കെങ്കിലും പേടിഎമ്മിൽ നിന്ന് നിയന്ത്രണം ഏറ്റെടുക്കാൻ മാസ്റ്റർകാർഡ് തയാറായേക്കുമെന്നാണ് റിപ്പോർട്ട്.
മാസ്റ്റർകാർഡിന് പേടിഎമ്മിന് ഉണ്ടായിരുന്ന അതേ നിരക്കിലാണ് ടൈറ്റ്യുലർ സ്പോൺസർഷിപ്പ് വില ഈടാക്കുന്നത്. അടുത്ത അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ കൈമാറ്റം പൂർത്തിയാക്കും. പേടിഎം 2015-2019 വർഷത്തേക്കുള്ള അപെക്സ് ബോർഡുമായി കരാർ ഒപ്പിട്ടിരുന്നു. ഇത് ഡിജിറ്റൽ പേയ്മെന്റ് കമ്പനിക്ക് ഒരു മത്സരത്തിന് 2.4 കോടിയാണ് ചെലവായിരുന്നത്. 2019 ഓഗസ്റ്റിൽ, 326.80 കോടി രൂപയുടെ ഇടപാടിൽ പേടിഎം ബിസിസിഐയുമായുള്ള കരാർ നാലു വർഷത്തേക്ക് പുതുക്കി. തുടർന്ന് ഒരു മത്സരത്തിന് 3.80 കോടി രൂപയോളമായി പുതുക്കുകയും ചെയ്തിരുന്നു.