ധോണിയുടെ റെക്കോർഡ് തിരുത്തി തന്റെ പേരിലാക്കി അക്സർ പട്ടേൽ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ജയത്തിലെത്തിച്ച ഓൾറൌണ്ടർ അക്സർ പട്ടേലിനെ തേടിയെത്തിയത് ഒരു കിടിലൻ റെക്കോർഡാണ്. മുൻ ഇന്ത്യൻ നായകൻ കുറിച്ച നേട്ടമാണ് താരം തന്റെ പേരിൽ തിരുത്തിക്കുറിച്ചിരിക്കുന്നത്.
ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി അഞ്ച് സിക്സ് പറത്തിയ അക്സര്‍ ഇന്ത്യയുടെ വിജയകരമായ റണ്‍ചേസില്‍ ഏഴാം നമ്പറിലിറങ്ങി ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്. 2005-ൽ സിംബാവെയ്ക്കെതിരെ ധോണി നേടിയ മൂന്ന് സിക്സിന്റെ റെക്കോർഡാണ് ഇന്നലെ അഞ്ചെണ്ണം പറത്തി അക്സർ സ്വന്തമാക്കിയത്. 2011ല്‍ ഏഴാം നമ്പറിലിറങ്ങി ദക്ഷിണാഫ്രിക്കക്കും അയര്‍ലന്‍ഡിനുമെതിരെ യൂസഫ് പത്താനും മൂന്ന് സിക്സര്‍ പറത്തിയിട്ടുണ്ട്.
വിന്‍ഡീസിനെതിരായ ഈ ഇന്നിംഗ്സ് തനിക്ക് സ്പെഷ്യലാണെന്നും നിര്‍ണായക ഘട്ടത്തിലാണ് ഈ പ്രകടനം നടത്താനായതെന്നും അത് ടീമിനും ജയവും പരമ്പരയും സമ്മാനിച്ചുവെന്നും അക്സര്‍ പറഞ്ഞു. ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 35 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്ന അക്സര്‍ മൂന്ന് ബൗണ്ടറിയും അഞ്ച് സിക്സും പറത്തി. ഏകദിനത്തിലെ ആദ്യ അര്‍ധസെഞ്ചുറിക്കൊപ്പം ഇന്ത്യയുടെ ജയവും പൂര്‍ത്തിയാക്കിയാണ് അക്സര്‍ ക്രീസ് വിട്ടത്.