കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ
ജൂലൈ 22-ന് പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി ഐസിസി. 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിനെ മൂന്നു റൺസ് അകലെ എറിഞ്ഞിടാൻ സാധിച്ച ശിഖർ ധവാനും സംഘത്തിനും പരമ്പയിൽ മുന്നിലെത്താനും സാധിച്ചിരുന്നു.
ഇതിനിടെയാണ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴയെത്തുന്നത്. കളിക്കാർക്കും പ്ലെയർ സപ്പോർട്ട് പേഴ്സണലുകൾക്കുമുള്ള ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് കളിക്കാർ നിശ്ചിത സമയത്ത് പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തും.
നായകൻ ധവാൻ കുറ്റം സമ്മതിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തതിനെ തുടർന്ന് ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറികളിലെ റിച്ചി റിച്ചാർഡ്സൺ ഇന്ത്യൻ ടീമിന് ഈ പിഴ അനുവദിച്ചു. അതിനാൽ ഓൺ-ഫീൽഡ് അമ്പയർമാരായ ജോയൽ വിൽസൺ, ലെസ്ലി റെയ്ഫർ, തേർഡ് അമ്പയർ ഗ്രിഗറി ബ്രാത്ത്വെയ്റ്റ്, ഫോർത്ത് അമ്പയർ നൈജൽ ഡുഗ്വിഡ് എന്നിവരടങ്ങുന്ന ഒരു ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമില്ല.
ഈ മാസം ആദ്യം എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് മാച്ച് ഫീയുടെ 40 ശതമാനം ശിക്ഷയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ടേബിളിൽ രണ്ട് പോയിന്റ് കുറയ്ക്കുകയും ചെയ്തിരുന്നു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് അന്ന് ടീമിനെ നയിച്ചത്. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു.