ഫിർമീനോയെ സ്വന്തമാക്കാൻ രംഗത്തെത്തി യുവെന്റസ്
ലിവർപൂൾ താരം റോബർട്ടോ ഫിർമീനോയെ സ്വന്തമാക്കാൻ രംഗത്തെത്തി ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസ്. ബ്രസീലിയൻ മുന്നേറ്റ താരത്തിനായി യുവെ 23 മില്യൺ യൂറോ ബിഡ് സമർപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലിവർപൂൾ ബോർഡ് ഈ ഓഫർ പരിഗണിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഉടൻ തന്നെ താരത്തിന്റെ കൈമാറ്റത്തെ സംബന്ധിച്ച കാര്യങ്ങളിൽ ഇരു ക്ലബ്ബുകളും തമ്മിൽ കരാറിൽ എത്തിയേക്കാം. ഡീഗോ ജോട്ട, ഡാർവിൻ ന്യൂനെസ് എന്നിവർ മുന്നേറ്റ നിരയിലുള്ളതിനാൽ റോബർട്ടോ ഫിർമീനോയെ ഒഴിവാക്കാൻ യുർഗൻ ക്ലോപ്പും സംഘവും തയാറായേക്കും.
അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനെ ഈ സീസണിൽ തന്നെ ഒഴിവാക്കി ഒരു നിശ്ചിത തുക കണ്ടെത്താനും ലിവർപൂളിന് സാധിക്കും. കഴിഞ്ഞ സീസണിൽ തന്നെ സെന്റർ ഫോർവേഡ് ഓപ്ഷനുകളായി ക്ലോപ്പ് പ്രധാനമായും ഡിയോഗോ ജോട്ടയെയും സാഡിയോ മാനെയെയുമാണ് കളത്തിലിറക്കിയിരുന്നത്. അതോടെ അവസരങ്ങൾ കുറഞ്ഞ ഫിർമീനോയും കൂടുമാറ്റം നടത്താൻ സന്നദ്ധത അറിയിച്ചേക്കും.
35 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും മാത്രമാണ് പോയ സീസണിൽ നേടിയത്. 2015-ൽ ജർമൻ ടീമായ ഹോഫെൻഹൈമിൽ നിന്നാണ് ലിവർപൂളിൽ എത്തിയത്. തുടർന്ന് ക്ലബ് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ഉൾപ്പടെ നേടിയപ്പോൾ മുഹമ്മദ് സാലയ്ക്കും സാഡിയോ മാനെയ്ക്കും ഒപ്പം ടീമിന്റെ സുപ്രധാന താരമായിരുന്നു ഫിർമീനോ.