ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാന്‍ സന്നദ്ധത അറിയിച്ച് വിരാട് കോലി
ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാൻ സന്നദ്ധത അറിയിച്ച് കരിയറിലെ ഏറ്റവും മോശം ഫോമിൽ തുടരുന്ന സൂപ്പർ താരം വിരാട് കോലി. മോശം ഫോമിലുള്ള താരത്തിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം തന്നെ അവതാളത്തിലായി നിൽക്കുന്ന സാഹചര്യത്തിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൂടിയായ കോലി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അടുത്ത മാസം 27 മുതൽ യുഎഇയിലാണ് ഏഷ്യാ കപ്പ് അരങ്ങേറാനിരിക്കുന്നത്. നിലവില്‍ ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിരാട്. ഇന്ത്യയുടെ അടുത്ത സിംബാബ്വേ പര്യടനത്തില്‍ കോലി കളിക്കുമോ എന്ന് വ്യക്തമല്ല. എന്നാൽ ഫോം വീണ്ടെടുക്കാനായി ഒരു അവസരം നൽകാൻ കോലിക്ക് സിംബാബ്വേ പര്യടനത്തിനെത്താമെന്ന സൂചന ബിസിസിഐ നൽകിയിരുന്നു.
സിംബാബ്വേയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങുക. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്വേയിലെ മൂന്ന് ഏകദിനങ്ങള്‍ നടക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 2019 നവംബറിന് ശേഷം കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി കണ്ടിട്ടില്ല. ഐപിഎല്ലിലും ഇംഗ്ലണ്ട് പര്യടനത്തിലുമൊക്കെ ഇന്ത്യയുടെ റണ്‍മെഷീന്‍ തീർത്തും നിറംമങ്ങി.