ആവേശം നിറഞ്ഞ രണ്ടാം ഏകദിനത്തിൽ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയവും പരമ്പരയും
അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഇതോടെ വിൻഡീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന ഇന്ത്യ രണ്ടാം ജയത്തോടെ പരമ്പരയും സ്വന്തമാക്കി.
35 പന്തിൽ 64 റൺസുമായി അക്ഷർ പട്ടേൽ നിറഞ്ഞാടിയ മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രേയസ് അയ്യർ 71 പന്തിൽ 63, സഞ്ജു സാംസൺ 54 പന്തിൽ 51 എന്നിവരും ഇന്ത്യയുടെ പരമ്പര ജയത്തിൽ നിർണായക സംഭാവന നൽകി.
വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. 79 റണ്‍സിനിടെ ധവാനും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായിരുന്നു. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ശ്രേയസ് അയ്യര്‍-സഞ്ജു സാംസണ് കൂട്ടുകെട്ടാണ് ടീമിന് തുണയായത്.
ധവാൻ 31 പന്തിൽ 13, ഗിൽ 49 പന്തിൽ 43, സൂര്യകുമാർ യാദവ് എട്ട് പന്തിൽ 9 എന്നിങ്ങനെയായിരുന്നു സ്കോർ. സഞ്ജുവും അയ്യരും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് സമ്മർദത്തിൽ നിന്നും കരകയറാൻ ഇന്ത്യയ്ക്ക് സഹായകരമായി. ശ്രേയസ് പുറത്തായതിന് പിന്നാലെ സഞ്ജു റണ്ണൗട്ടായി മടങ്ങിയോതോടെ വിന്‍ഡീസ് പിടിമുറുക്കി. എന്നാല്‍ വിന്‍ഡീസ് പ്രതീക്ഷകളെ തച്ചുടച്ച് വാലറ്റത്തെ കൂട്ടുപിടിച്ച് ഒരുവശത്ത് നിലയുറപ്പിച്ച് തകര്‍ത്തടിച്ച അക്ഷര്‍ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. 35 പന്തിൽ 64 റൺസുമായി അക്ഷർ പട്ടേൽ നിറഞ്ഞാടിയപ്പോൾ വിജയവും പരമ്പരയും കൂടെപോന്നു.