മഹമ്മദുള്ളയ്ക്ക് വിശ്രമം, സിംബാബ്വെ പര്യടനത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്
വരാനിരിക്കുന്ന സിംബാബ്വെ പര്യടനത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സ്ഥിരം ടി20 നായകനായ മഹമ്മദുള്ളയ്ക്ക് വിശ്രമം നൽകിയാണ് പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പകരം ജൂലൈ 30-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ വിക്കറ്റ് കീപ്പർ-ബാറ്ററായ നൂറുൽ ഹസനാണ് ബംഗ്ലാദേശിനെ നയിക്കുക.
സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. 43 ടി20 മത്സരങ്ങളിൽ ബംഗ്ലാദേശിനെ നയിച്ച മഹമ്മദുല്ല 16 മത്സരങ്ങളിൽ മാത്രമാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. അതേസമയം 26 മത്സരങ്ങൾ താരത്തിന്റെ കീഴിൽ പരാജയപ്പെടുകയും ചെയ്തു.
സിംബാബ്വെയ്ക്കെതിരായ ടി20 ഐ, ഏകദിന പരമ്പരകൾക്കുള്ള രണ്ട് ടീമുകളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിസിബി വെള്ളിയാഴ്ച്ച മഹമ്മദുള്ളയുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. മഹ്മൂദുള്ളയുടെ ക്യാപ്റ്റൻസിയിൽ ബോർഡ് തൃപ്തരല്ലെന്ന് ബംഗ്ലാദേശ് ടീം ഡയറക്ടർ ഖാലിദ് മഹ്മൂദ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന 2022 ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ടീമിന് ഒരു പുതിയ തുടക്കം ആവശ്യമാണെന്നും ടീം പ്രഖ്യാപനത്തിന് ശേഷം ഖാലിദ് മഹ്മൂദ് പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി ടീമിന് പുതിയ നായകൻ എത്തുമെന്ന സൂചനയാണ് ഇത് നൽകുന്നത്.