Cricket Cricket-International Top News

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ട്രോട്ട്

July 23, 2022

author:

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ട്രോട്ട്

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോനാഥൻ ട്രോട്ടിനെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ച് അഫ്‌ഗാനിസ്ഥാൻ. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനം മുതലായിരിക്കും പുതിയ കോച്ച് ചുമതലയേൽക്കുക. ഇംഗ്ലണ്ടിനായി 52 ടെസ്റ്റുകളും 68 ഏകദിനങ്ങളും 7 ടി 20 മത്സരങ്ങളും കളിച്ച ട്രോട്ട് 2018-ലാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

2009 മുതൽ 2014 വരെയുള്ള കാലയളവിൽ ഇംഗ്ലണ്ടിനായി ഏറ്റവും സ്ഥിരതയുള്ള ബാറ്റ്സ്മാനായിരുന്നു ജോനാഥൻ ട്രോട്ട്. ഈ മെയ് മാസത്തിൽ ഗ്രഹാം തോർപ്പിന് ഗുരുതരമായ അസുഖം ബാധിച്ചതിനാൽ അഫ്‌ഗാനിസ്ഥാന്റെ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. 41 കാരനായ ട്രോട്ട് മുമ്പ് ഇംഗ്ലണ്ട് പുരുഷ ടീം, ഇംഗ്ലണ്ട് ലയൺസ്, അണ്ടർ 19 ടീമുകൾ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2021 ലെ ടി20 ലോകകപ്പിൽ സ്കോട്ട്‌ലൻഡ് ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റുമായിരുന്നു.

അഫ്ഗാനിസ്ഥാന്റെ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സമീപകാലത്ത് വലിയ മുന്നേറ്റം നടത്താനും അഫ്ഗാന് സാധിച്ചിട്ടുണ്ടെന്നും ചുമതലയേറ്റടുക്കുന്ന വേളയിൽ ട്രോട്ട് അഭിപ്രായപ്പെട്ടു. ജൂണിൽ സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന, ടി20 പരമ്പരയാണ് അഫ്ഗാനിസ്ഥാൻ അവസാനമായി കളിച്ചത്.

മൂന്നു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ആവേശത്തിലുള്ള അഫ്ഗാനിസ്ഥാൻ വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ അഞ്ച് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ ആഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 17 വരെയാണ് നടക്കുക. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി ടീമിനെ ഒരുക്കാമെന്ന പ്രതീക്ഷയിലാണ് ട്രോട്ട്.

Leave a comment